ഇറാനിലെ ഊര്‍ജപ്ലാന്‍റുകള്‍ പത്തുദിവസത്തേക്ക് കൂടി ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഏഴുദിവസത്തേക്ക് താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നാണ് ഇറാന്‍ അഭ്യര്‍ഥിച്ചതെന്നും എന്നാല്‍ താന്‍ പത്ത് ദിവസം നല്‍കുകയായിരുന്നുവെന്നും അതിന് അവര്‍ നന്ദി പറഞ്ഞുവെന്നും ട്രംപ് പറയുന്നു.’ഇറാന്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരം ഊര്‍ജപ്ലാന്‍റ് നശിപ്പിക്കാനുള്ള തീരുമാനം 10 ദിവസത്തേക്ക് കൂടി നീട്ടിവച്ചിരിക്കുന്നു. സംഭാഷണങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു’ എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. എത്രയും വേഗം സമാധാനക്കരാറിലെത്താന്‍ ഇറാന്‍ നേതാക്കള്‍ തന്നോട് കെഞ്ചുകയാണെന്നും താനല്ല കരാറിന് ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പട്ടു. തന്റെ ഭീഷണിയില്‍ ഇറാന്‍ ഭയന്നു പോയെന്നും ചര്‍ച്ചകളുടെ ഫലമായാണ് ഹോര്‍മുസിലൂടെ എണ്ണ ടാങ്കറുകള്‍ കടത്തിവിടുന്നതെന്നും ട്രംപ് പറഞ്ഞു.
താല്‍കാലിക വെടിനിര്‍ത്തെലന്ന് ട്രംപ് പറയുമ്പോഴും ഇസ്രയേല്‍ ഇറാന്‍ ആക്രമിക്കുന്നത് തുടരുകയാണ്. തിരിച്ച് ഗള്‍ഫിലെ യുഎസ് കേന്ദ്രങ്ങളിലും ഇസ്രയേലിലും ഇറാനും ആക്രമണം നടത്തുന്നുണ്ട്. ഒരു തരത്തിലുള്ള ചര്‍ച്ചകളും അമേരിക്കയുമായി നടത്തിയിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾ ആക്രമിക്കുന്നത് അഞ്ച് ദിവസം മുതൽ രണ്ടാഴ്ച വരെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ചിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ അവസാനിക്കാനിരുന്നതാണ്. എന്നാല്‍ അടുത്ത മാസം ആറു വരെ വെടിനിര്‍ത്തല്‍ തുടരുമെന്നാണ് പുതിയ പ്രസ്താവനയില്‍ നിന്ന് പറയുന്നത്.
സമ്പുഷ്ടീകരിച്ച യുറേനിയം സ്റ്റോക്കുകള്‍ ഇറാന്‍ നശിപ്പിക്കുകയോ കൈമാറുകയോ ചെയ്യണമെന്നതാണ് ട്രംപ് മുന്നോട്ട് വച്ച 15 ഇന സമാധാന പദ്ധതിയിലെ ഒന്നാമത്തെ ആവശ്യം. യുറേനിയം സമ്പുഷ്ടീകരണ പദ്ധതി എന്നേക്കുമായി അവസാനിപ്പിക്കണമെന്നും ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ പദ്ധതികള്‍ ഇറാന്‍ നിര്‍ത്തണമെന്നും ഹിസ്ബുല്ലയെയും മറ്റ് സായുധ സംഘങ്ങളെയും പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ തള്ളിയ ഇറാന്‍ കടുപ്പമേറിയ അഞ്ച് നിര്‍ദേശങ്ങള്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി മുന്നോട്ട് വയ്ക്കുകയായിരുന്നു.
അതിനിടെ ഇറാനില്‍ ട്രംപ് നടത്തിയ യുദ്ധത്തെ 64 ശതമാനം അമേരിക്കക്കാരും എതിര്‍ക്കുന്നതായി ഫോക്സ് ന്യൂസിന്‍റെ സര്‍വേയും പുറത്തുവന്നിട്ടുണ്ട്. ട്രംപിന്റെ അനുയായികള്‍ക്കിടയിലും യുദ്ധത്തോട് കടുത്ത എതിര്‍പ്പാണുള്ളത്. ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് ബാരലിന് 106.56 ഡോളറാണ് ഇന്നത്തെ വില. യുഎസ് വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റ് 83 സെന്‍റ് കുറഞ്ഞ് ബാരലിന് 93.65 ഡോളറുമായി.

