തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് വരണാധികാരികൾ പത്രിക സ്വീകരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 341 സ്ഥാനാർത്ഥികളിൽ നിന്നായി 607 പത്രികകൾ ലഭിച്ചു കഴിഞ്ഞു. ഇന്ന് പ്രമുഖ മുന്നണി സ്ഥാനാർത്ഥികളടക്കം കൂടുതൽ പേർ പത്രിക സമർപ്പിക്കാൻ എത്തുന്നതോടെ പോരാട്ട ചിത്രം വ്യക്തമാകും.
നാളെയാണ് (ചൊവ്വ) പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. അതിനുശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങുക.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് വരെ അപേക്ഷിക്കാമെങ്കിലും, മാർച്ച് 15-ന് മുൻപ് അപേക്ഷ നൽകിയവർക്ക് മാത്രമേ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ 10 ദിവസം ആവശ്യമായതിനാലാണ് ഈ നിയന്ത്രണം. മാർച്ച് 15-ന് ശേഷം ലഭിച്ച അപേക്ഷകളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമേ നടപടിയുണ്ടാകൂ.

