മഞ്ചേശ്വരത്ത് യുഡിഎഫിന് “എസ്‌ഡിപിഐ തലവേദന”, സുരേന്ദ്രന് അഗ്നിപരീക്ഷ

AnilKumar BalaKrishnan

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘ത്രില്ലർ’ മണ്ഡലമായ മഞ്ചേശ്വരം വീണ്ടും ഒരു അഗ്നിപരീക്ഷയിലേക്ക്. കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുതവണ വിജയം കൈവിട്ട കെ സുരേന്ദ്രനും, കോട്ട കാക്കാൻ എകെഎം അഷ്റഫും നേർക്കുനേർ വരുമ്പോൾ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച് എസ്‌ഡിപിഐയുടെ സ്ഥാനാർഥി പ്രഖ്യാപനം. യുഡിഎഫ് സ്ഥാനാർഥിയുടെ അതേ പേരുള്ള കെ എം അഷ്റഫിനെ എസ്‌ഡിപിഐ കളത്തിലിറക്കിയതോടെ മഞ്ചേശ്വരത്ത് പ്രവചനാതീതമായ പോരാട്ടത്തിനാണ് വിസിൽ മുഴങ്ങിയിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിന് വെല്ലുവിളിയാകുന്നത് എസ്‌ഡിപിഐയുടെ ജില്ലാ കൗൺസിൽ അംഗം കെ എം അഷ്റഫാണ്. പേരുദോഷമല്ല, മറിച്ച് പേരിലെ സാമ്യം വോട്ടർമാരെ കുഴപ്പിക്കുമോ എന്നതാണ് യുഡിഎഫിൻ്റെ പ്രധാന ഭയം. 2021-ൽ യുഡിഎഫിനെ പിന്തുണച്ച എസ്‌ഡിപിഐ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത് വോട്ട് വിഭജനത്തിന് വഴിയൊരുക്കും. പതിനായിരത്തോളം വോട്ടുകൾ മണ്ഡലത്തിലുണ്ടെന്ന എസ്‌ഡിപിഐയുടെ അവകാശവാദം യുഡിഎഫിൻ്റെ ഭൂരിപക്ഷത്തെ നേരിട്ട് ബാധിക്കുമെന്നത് ഉറപ്പാണ്.

മഞ്ചേശ്വരത്തെ ബിജെപി രാഷ്ട്രീയം എന്നും ‘അടുത്ത തവണ’ എന്ന പ്രതീക്ഷയിലാണ്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ വെറും 89 വോട്ടുകൾക്ക് പി ബി അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടപ്പോൾ അത് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായി മാറി. കള്ളവോട്ട് ആരോപണവും കോടതി വ്യവഹാരങ്ങളുമായി വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2021-ലും ചിത്രം മാറിയില്ല. അന്ന് മുസ്ലിം ലീഗിലെ എകെഎം അഷ്റഫിനോട് 745 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ്റെ തോൽവി. രണ്ട് തവണയും വിജയത്തിന് തൊട്ടടുത്തെത്തി വീണുപോയ സുരേന്ദ്രന് ഇത്തവണ മഞ്ചേശ്വരം പിടിച്ചെടുക്കുക എന്നത് അഭിമാനപ്രശ്നമാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനും എസ്‌ഡിപിഐക്കും ഇടയിൽ ഭിന്നിക്കുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഭൂരിപക്ഷ വോട്ടുകളുടെ പൂർണമായ ഏകീകരണത്തിലൂടെ ഇത്തവണ നിയമസഭയിലേക്ക് വഴിതുറക്കാനാണ് എൻഡിഎ തന്ത്രം മെനയുന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദയാണ് എൽഡിഎഫ് സ്ഥാനാർഥി. ആദ്യം ഷാനവാസ് പാദൂരിനെ പരിഗണിച്ചിരുന്നെങ്കിലും മഞ്ചേശ്വരത്ത് അദ്ദേഹം മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലിൽ അദ്ദേഹത്തെ കാസർകോട് മണ്ഡലത്തിലേക്ക് മാറ്റി. മണ്ഡലത്തിൽ വലിയ മുന്നേറ്റം അവകാശപ്പെടാനില്ലെങ്കിലും, എൽഡിഎഫ് പിടിക്കുന്ന വോട്ടുകൾ മഞ്ചേശ്വരത്തെ അന്തിമ വിജയിയെ നിശ്ചയിക്കുന്നതിൽ നിർണായകമാകും.

Share This Article