തൃശൂർ പാലിയേക്കരയിൽ പാചകവാതക പൈപ്പ്‌ലൈനിൽ ചോർച്ച

AnilKumar BalaKrishnan

തൃശൂർ പാലിയേക്കരയിൽ കൊച്ചി സേലം പാചകവാതക പൈപ്പ്‌ലൈനിൽ ചോർച്ച. ബി‌പി‌സി‌എൽ പെട്രോൾ പൈപ്പ് ലൈനിൻ്റെ അറ്റക്കുറ്റപണിക്കെത്തിയ തൊഴിലാളികൾ പൈപ്പ് ലൈൻ മാറി 8 മീറ്റർ അപ്പുറത്തുള്ള കെ‌എസ്‌പി‌പി‌എൽ കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തകരാർ പരിഹരിച്ചതാണ് ചോർച്ചക്ക് കാരണമായി പറയുന്നത്.
വലിയതോതില്‍ എല്‍പിജി ചോര്‍ച്ച ഉണ്ടായതോടെ പൈപ്പ് ലൈനിന്റെ രണ്ട് വശത്തുള്ള വാല്‍വ് അടച്ചു. പൈപ്പ് ലൈനില്‍ തങ്ങി നിന്നിരുന്ന വാതകമാണ് ഇപ്പോള്‍ ചോര്‍ന്നുകൊണ്ടിരിക്കുന്നത്. പുതുക്കാട് അഗ്നിരക്ഷസേന ചോര്‍ച്ചയിലേക്ക് വെള്ളം പമ്പ് ചെയ്താണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ചോര്‍ച്ചയുണ്ടായ പ്രദേശത്തിന്റെ ഏതാനും ചുറ്റളവില്‍ ഗന്ധം അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസും അഗ്നിരക്ഷസേനയും വില്ലേജ് ഓഫീസ് അധികൃതരും എത്തി മുന്‍കരുതലുകള്‍ നൽകി. വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പൈപ്പ് ലൈന്റെ ചുമതലയുള്ള കെ.എസ് പിപിഎല്‍, പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, ഐഒസിഎല്‍ അധികൃതരും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article