കളങ്കാവലിന് ശേഷം മഹാ നടൻ വീണ്ടും കൊടും വില്ലനായി; ലാലേട്ടനെക്കാൾ മികച്ച നടൻ വിജയേട്ടൻ തന്നെ ! ഒരു ചെലവുമില്ലാതെ സമൂഹമാധ്യമങ്ങൾ കടന്ന പി ആര്‍ വര്‍ക്ക് .

AnilKumar BalaKrishnan

അനില്‍കുമാര്‍ ബാലകൃഷ്ണന്‍

നെഗറ്റീവ് വേഷങ്ങളിലെത്തിയപ്പോഴൊക്കെ പ്രശംസകൾ ആവോളം കിട്ടാനായിരുന്നു മലയാളത്തിന്റെ മഹാനടന് യോഗം . പലപ്പോഴും പുരസ്കാരങ്ങളും കിട്ടി. വില്ലത്തരം കൂടുന്തോറും ‘പുള്ളി കിടില’മാണ് ‘എന്ന് നാട്ടുകാർ വിധിച്ചു. അതിപ്പോൾ പാലേരി മാണിക്കമായാലും ഏറ്റവും ഒടുവിൽ പുറത്തുവന്ന കളങ്കാവലും ഭ്രമയുഗവുമായാലും . കാശുവാങ്ങിയുള്ള ഇത്തരം അഭിനയിക്കലുകളിൽ ഒടുവിലത്തേതാണ് വയനാട്ടിൽ ദുരന്ത ബാധിത പുനരധിവാസ മേഖലയിൽ അരങ്ങേറിയത് എന്നു പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ ന്യായങ്ങളേതെങ്കിലുമുണ്ടോ?

അഭിനേതാക്കളുടെ പണി അഭിനയിക്കലാണ്. കാശു കിട്ടിയാൽ ഏത് ‘കൂതറ’ പടത്തിലും അഭിനയിക്കാൻ തയ്യാറാവുന്നവരാണ് മലയാളത്തിലെ അഭിനേതാക്കളിൽ ഭൂരിപക്ഷവും. കാശുണ്ടോ ?എന്ത് അധാർമികതയുടെയും ബ്രാൻഡ് അംബാസഡർമാരാവാനും ഇവർ റെഡി. നാട്ടുകാർക്കാർക്കും ഇക്കാര്യത്തിൽ സംശയമില്ല. എന്നാൽ അഭിനേതാക്കളുടെ ജാത്യാലുള്ള ഈ ഗുണം ഭംഗിയായി അറിയുന്നതും അത് നന്നായി മുതലാക്കുന്നവരും രാഷ്ട്രീയക്കാർ തന്നെ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നിയമസഭാ തെരഞ്ഞടുപ്പ് അടുത്തെത്തിയെന്നറിഞ്ഞതോടെ തലയിൽ തേങ്ങ വീണ് ബുദ്ധിയുദിച്ചതുപോലെ സർക്കാർ സട കുടഞ്ഞെഴുന്നേറ്റു. ഖജനാവിൽ ഇതേവരെ ഇല്ലാതിരുന്ന സമ്പത്ത് മുഴുവൻ പുറത്തെടുത്ത് പ്രചാരണ മാമാങ്കത്തിന് ഇറങ്ങിയിരിക്കുകയാണവർ. നാട്ടുകാരെ പണയം വച്ച് കടം വാങ്ങിയ കിഫ്ബിയുമുണ്ട് സർക്കാരിന്റെ അപദാനങ്ങൾക്കായി ശതകോടികൾ ചെലവാക്കാൻ . പത്രമാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനുമാഴ്ചകളായി മുൻപേജ് നിറഞ്ഞു കവിഞ്ഞ് സർക്കാർ പരസ്യങ്ങളാണ്. ചാനലുകളിലും തിയേറ്ററുകളിലും നൽകുന്ന പരസ്യങ്ങൾക്കും പരിധിയില്ല. ഇതിനും പുറമേയാണ് മഹാ നടൻ മാർക്ക് കോടികൾ നൽകി തയ്യാറാക്കുന്ന ജൻ സി പ്രചാരണ കണ്ടെന്റുകൾ .

പരസ്യമായല്ലെങ്കിലും സംഘിയെന്ന് വിളിച്ച് നമ്മൾ ബ്രാക്കറ്റു ചെയ്തിരുന്ന സാക്ഷാൽ ലാലേട്ടൻ ‘സിനിമാതാരമായല്ലാതെ’ പിണറായിക്ക് പൗഡർ പൂശാനെത്തിയത് അദ്ദേഹത്തോടുള്ള ആരാധന മൂത്തിട്ടാണെന്ന് ആരും കരുതാനിടയില്ല. സംഗതി കണ്ട് ആദ്യം ഞെട്ടിയത് സംഘികൾ തന്നെ. കേരള ചരിത്രം ഇതേ വരെ കണ്ടതിൽ ഏറ്റവും ആസക്തി രഹിതനും, നിഷ്കളങ്കനും, സാധാരണക്കാരിൽ സാധാരണക്കാരനും സംന്യാസി ഭാവവുമുള്ള പിണറായിയെ അദ്ദേഹത്തിന്റെ പരുക്കൻ ശരീരത്തിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ഇതുവരെ പുറത്തെടുത്തിട്ടില്ലാത്ത അഭിനയ ശേഷി മുഴുവൻ ലാലേട്ടൻ എടുത്തു വിതറുന്നത് കണ്ടിരിക്കാൻ തന്നെ എന്തൊരു ചന്തമായിരുന്നു! പക്ഷേ തിരക്കഥയും കാശും മുൻകൂട്ടി നൽകിയിട്ടും മുഖത്തെ ജാള്യം മറയ്ക്കാൻ ; രാജ്യം പരമോന്നത ചലച്ചിത്ര പുരസ്ക്കാരം നൽകി ആദരിച്ച മോഹൻലാലിന് കഴിയാതെ പോയി. വീണ്ടും ചില വീട്ടുകാര്യങ്ങളിൽ തിലകന്റെ അഭിനയം കണ്ട് ജയറാം പറയുന്നതുപോലെ ‘ഇരുവർ’തമ്മിലുള്ള മുഖാമുഖം കണ്ടവരെല്ലാം അത്ഭുതം കൂറി സമ്മതിച്ചത് ഒരു കാര്യമാണ്. വിനീത ദാസനായിരുന്ന ലാലേട്ടനെക്കാൾ മികച്ച നടൻ വിജയേട്ടൻ തന്നെ !

സർക്കാരിന്റെ സൽപ്രവൃത്തികൾ കണ്ട് തീവെട്ടത്തിനു പിന്നിലെ ഇരുളിൽ വേർപ്പിറ്റിച്ച് നിന്ന് വേടൻ പോലും പാടിപ്പോവുന്നത് നാം കാണുന്നു. ഏതാനും കോടികൾ അതിനായും മുടക്കിയെങ്കിലെന്ത്,സംഗതി ജോറായില്ലേ? ട്വന്റി ട്വന്റി ക്രിക്കറ്റിൽ ചാമ്പ്യനായ സഞ്ജു സാംസൺ വകയും ഒരു പ്രകീർത്തനം തരപ്പെടുത്താൻ വേണ്ടപ്പെട്ടവരെ ചുമതലപ്പെടുത്തിയതായി ശ്രുതിയുണ്ട്. ‘ഞാൻ വെറും കളിക്കാരൻ, ക്യാപ്റ്റൻ അങ്ങുന്നു തന്നെ’ എന്ന് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി സഞ്ജു പറയുന്ന രീതിയിലുള്ള ഒരു ലഘു വീഡിയോ നമുക്ക് ഏതു നേരവും പ്രതീക്ഷിക്കാം.

രണ്ടാം ഭരണത്തിന്റെ കടയിൽ ഷട്ടറിടാൻ ഏതാനും നാഴിക മാത്രം ബാക്കി നില്ക്കേയാണ് പലകാര്യങ്ങ ചെയ്യാൻ ബാക്കിയുണ്ടെന്ന് സർക്കാരിന് ഓർമ്മ വന്നത്. വയനാട്ടിലെ ദുരന്ത ബാധിതർക്കുള്ള ഭവന പദ്ധതി, കോഴിക്കോട് -വയനാട് തുരങ്ക പാതയ്ക്കുള്ള പാറ പൊട്ടിക്കൽ എന്നിവ മാത്രമല്ല പണിതീർന്നതും തീരാത്തതുമായ പാലങ്ങൾ, ഇടറോഡുകൾ, കെട്ടിടങ്ങൾ, പദ്ധതികൾ എന്നിവയുടെ ഉത്ഘാടനങ്ങളും തലങ്ങും വിലങ്ങും നടക്കുകയാണ്. തിരുവനന്തപുരത്ത് വി.സി ഉദ്ഘാടനം ചെയ്ത കേരള സർവകലാശാലയിലെ ഒരു പുതു സംരംഭം ആറുമാസങ്ങൾക്കിപ്പുറം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഒരിക്കൽ കൂടി ഉത്ഘാടനം ചെയ്യാനൊരുങ്ങിയതും ഈ പരമ്പരയിൽ തന്നെ പെടുത്തണം.

വയനാടൻ ചുരം കയറി സർക്കാരിന്റെ ടൗൺഷിപ്പു കാണാൻ മമ്മൂട്ടിയെത്തുമ്പോൾ വാർത്താ മാധ്യമങ്ങൾ കുതിച്ചെത്തുമെന്ന് ആർക്കാണറിയാത്തത്. മാധ്യമപ്പടയ്ക്ക് മുന്നിലൂടെ സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി നടന്ന് ടൗൺഷിപ്പ് കണ്ടു. തുടക്കം മുതൽ ഒപ്പം കൂടിയ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് കൃത്യ സമയത്ത് മമ്മൂക്ക ചോദിച്ചു. “നിങ്ങളെന്തിനാണ് ഇങ്ങനെ എപ്പോഴും എന്നോടൊപ്പം നടക്കുന്നത് ? നിങ്ങൾ വിളിച്ചിട്ടാണ് ഞാൻ വന്നതെന്ന് നാട്ടുകാർ കരുതില്ലേ?” സംഗതി കൊള്ളേണ്ടിടത്തു കൊണ്ടു. സൈബർ സഖാക്കൾ ഉണർന്നു. ഇടത് സഹയാത്രികനും, കൈരളി ചാനലിന്റെ ചെയർമാനുമാണ് മമ്മൂക്കയെന്ന പച്ചപ്പരമാർത്ഥം പോലും മറന്ന് സഖാക്കൾ പൊങ്കാല തുടങ്ങി. വയനാട്ടിലെ ദുരന്ത ഭൂമിയിൽ റഫീഖും സിപിഎമ്മും ‘നടത്തിയ’ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ഒരു ചെലവുമില്ലാതെ സമൂഹമാധ്യമങ്ങൾ കടന്ന് മുഖ്യധാരാ മാധ്യമങ്ങളിലും ചർച്ചയായി. കളങ്കാവലിനു ശേഷം മഹാ നടൻ വീണ്ടും കൊടും വില്ലനായി കത്തിക്കയറി. ഇരുപത്തി നാലു മണിക്കൂറിനകം വില്ലൻ നായകനെ വിളിച്ച് നല്ല വാക്കു പറഞ്ഞെന്ന് വാർത്തകൾ വന്നു. നടികർ തിലകം പിണറായി പൊതുവേദിയിൽ സൈബർ സഖാക്കൻമാരുടെ പുലഭ്യങ്ങളുടെ പാപഭാരമേറ്റെടുത്ത് മമ്മൂക്കയോട് മാപ്പു പറഞ്ഞു. റഫീഖിന്റെ ഔചിത്യത്തെ വാഴ്ത്താനും തിലകൻ മറന്നില്ല. അങ്ങനെ എല്ലാം ശുഭം. ശബരിമലയിൽ പരിപാടിയവതരിപ്പിക്കാനെത്താത്ത നന്ദഗോവിന്ദൻ ഭജന സംഘത്തിന് 8 ലക്ഷം രൂപ പ്രതിഫലം നൽകി ഊരാളുങ്കലിലൂടെ അത്ഭുത പ്രവൃത്തി നടത്തിയ സർക്കാരിൽ നിന്ന് ഇതല്ല ; ഇതിലും കടുത്തതും പ്രതീക്ഷിക്കാം.

ഈ തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രിയുടെയും ഇടതു സർക്കാരിന്റെയും പി.ആർ ഏറ്റെടുത്തവർക്ക് നല്ല നമസ്കാരം മാത്രം പോര പത്മ പുരസ്കാരവും നൽകണം.

Share This Article