നോട്ടുകെട്ട് കണ്ടാൽ കണ്ണു മഞ്ഞളിക്കില്ല :മാലിന്യത്തോടൊപ്പം കിട്ടിയ പണം ഉടമക്ക് തിരികെ നൽകി ഹരിത കർമ്മസേനാംഗം

AnilKumar BalaKrishnan

ആറ്റിങ്ങൽ : മാലിന്യത്തോടൊപ്പം കിട്ടിയ പണം ഉടമക്ക് തിരികെ നൽകി ഹരിത കർമ്മസേനാംഗം. ആറ്റിങ്ങൽ നഗരസഭയിലെ ഹരിതകർമ്മസേന തൊഴിലാളിയായ സന്ധ്യാദേവിക്കാണ് കഴിഞ്ഞ ദിവസം രാവിലെ കുഴിമുക്ക് രാജ്ഭവനിൽ ഷഹാനയുടെ വീട്ടിൽ നിന്നും ഒഴിവാക്കിയ പാഴ് വസ്ത്തുക്കളോടൊപ്പം 55 നോട്ടുകൾ ലഭിച്ചത്.
പ്ലാസ്റ്റിക്കും ഉപയോഗിച്ചു പഴകിയ തുണികളും നിറച്ച ചാക്ക് സന്ധ്യാദേവി ഗൃഹനാഥയിൽ നിന്നും ശേഖരിച്ച് മിനി എം.സി.എഫിൽ എത്തി മാലിന്യം തരം തിരിഞ്ഞപ്പോഴാണ് പഴയ തുണിക്കിടയിൽ ഇരിക്കുന്ന നോട്ട്കെട്ട് ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ മേലുദ്യോഗസ്ഥർ
നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി.
500 രൂപയുടെ 2 നോട്ടും, 50 രൂപയുടെ 53 നോട്ടും ഉൾപ്പെടെ ആകെ 3650 രൂപയുണ്ടായിരുന്നു.
ഷഹാനയുടെ മാതാവ് സക്കാത്ത് നൽകാൻ അലമാരിക്കുള്ളിലെ പഴയ തുണികൾക്കിടയിൽ പണം സൂക്ഷിച്ചിരുന്നു.
എന്നാൽ പിന്നീട് പഴയ തുണികൾ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ഹരിതകർമ്മസേനക്ക് ഇവ ചാക്കുകളിലാക്കി നൽകിയപ്പോഴും തുണിക്കിടയിൽ പണമുണ്ടായിരുന്ന കാര്യം വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഗൃഹനാഥയെ ഈ വിവരമറിയിച്ചപ്പോഴാണ് പണം നഷ്ട്ടപ്പെട്ടെന്ന കാര്യം വീട്ടുകാർ അറിയുന്നത്.
നഗരസഭ ചെയർപേഴ്സൺ എം.പ്രദീപിൻ്റെയും സെക്രട്ടറി കെ.എസ്. അരുണിൻ്റെയും സാന്നിധ്യത്തിൽ ഉടമക്ക് പണം തിരികെ നൽകി.

Share This Article