വയനാട് ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; വികാരനിർഭര രം​ഗങ്ങൾ; മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ

insight kerala

വയനാട്: ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടന ശേഷം മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ. ജനങ്ങൾക്ക് നടുവിലേക്കിറങ്ങിയ മന്ത്രിയെ ഒരുപാട് പേ‍‌ർ കെട്ടിപ്പുണ‌ർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മന്ത്രി തന്നെ തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. അതേ സമയം, സർക്കാരിന്‍റെ വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎല്‍എ ടി സിദ്ദിഖിനെ കൂക്കിവിളിച്ച് ഒരു വിഭാഗം. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി

ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

Share This Article