ഖമനേയിക്ക് പകരം മകൻ മുജ്തബ? അധികാരം പിടിക്കാൻ ഐആർജിസിയും

insight kerala

ടെഹ്റാൻ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെ പിൻഗാമി ആരെന്ന കാര്യത്തിൽ ചർച്ചകൾ തുടങ്ങി. ടെഹ്റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. ഖമനേയിയുടെ മരണത്തോടെ ഇറാൻ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ രാജ്യത്ത് താൽക്കാലിക ഭരണസമിതി നിലവിൽ വന്നു.

ഇറാൻ ഭരണഘടന അനുസരിച്ച്, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്‌സിനി ഈജെയി, ഗാർഡിയൻ കൗൺസിൽ അംഗം എന്നിവരടങ്ങുന്ന സമിതി ഭരണം നിയന്ത്രിക്കും. അടുത്ത പരമോന്നത നേതാവായി ഖമനേയിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഖമനേയി എത്തിയേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം, ഇസ്ലാമിക വിപ്ലവത്തിന്റെ പിതാവായ റൂഹുള്ള ഖൊമനേയിയുടെ പേരക്കുട്ടി ഹസൻ ഖൊമനേയിയുടെ പേരും സജീവമായി പരിഗണിക്കപ്പെടുന്നു. 88 അംഗ വിദഗ്ധ സമിതിയാണ് അടുത്ത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കേണ്ടത്.

അതേസമയം ഖമനേയിയുടെ മരണത്തിന് പിന്നാലെ ഭരണമാറ്റത്തിനായുള്ള നീക്കങ്ങൾ പ്രതിപക്ഷ കക്ഷികൾ ശക്തമാക്കി. ഇറാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് മറിയം രാജവി ആഹ്വാനം ചെയ്തു. നാടുകടത്തപ്പെട്ട മുൻ രാജകുമാരൻ റെസ പഹ്ലവിയും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനായി ജനങ്ങൾ തെരുവിലിറങ്ങണമെന്ന് അഭ്യർത്ഥിച്ചു. അമേരിക്കയുടെ ഈ സൈനിക നടപടിയെ ഒരു മാനുഷിക ഇടപെടൽ എന്നാണ് പഹ്ലവി വിശേഷിപ്പിച്ചത്. ഇറാനെ നയിക്കാൻ പ്രാപ്തിയുള്ള ചില നല്ല നേതാക്കൾ തന്റെ ശ്രദ്ധയിലുണ്ടെന്നും എന്നാൽ അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുകയാണ്. ഇറാൻ റെവല്യൂഷണറി ഗാർഡ് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായും അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം കണക്കിലെടുത്ത് ഇസ്രായേൽ വ്യോമപാത അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇറാന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 1989-ൽ റൂഹുള്ള ഖൊമനേയിയുടെ മരണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ അധികാര കൈമാറ്റമാണ് നടക്കാനൊരുങ്ങുന്നത്. അധികാര കൈമാറ്റത്തിന് പകരം ഭരണകൂടത്തെ തന്നെ താഴെഇറക്കി പുതിയ ഭരണസംവിധാനം കൊണ്ടുവരാനാണ് യുഎസും ഇസ്രയേലും ശ്രമിക്കുന്നത്.

Share This Article