എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ NSS ന് അനുകൂലമായ സുപ്രിം കോടതി ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനൊരുങ്ങുന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന് കെ.സി.ബി.സി.
സർക്കാർ തീരുമാനം പോസിറ്റീവ് ആയി കാണുന്നു എന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, കൊല്ലം ബിഷപ്പ് റവറന്റ് ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് ആണോ നിലപാട് മാറ്റത്തിന് കാരണം എന്ന് സംശയം ഉണ്ട്.മന്ത്രി പറഞ്ഞ കാര്യങ്ങളെ കെസിബിസി പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.നേരത്തെ പലതവണ ആവശ്യപെട്ട വിഷയത്തിൽ ഇപ്പോഴുള്ള നിലപാട് മാറ്റം പല സംശയങ്ങൾക്ക് കാരണം ആകുന്നു
എന്നും കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ കൊല്ലത്ത് പറഞ്ഞു.
ഭിന്നശേഷി സംവരണ വിഷയത്തിലെ പുതിയ തീരുമാനത്തിൽ സർക്കാരിന് നന്ദി പറഞ്ഞ് ചങ്ങനാശ്ശേരി അതിരൂപത. വൈകിയാണെങ്കിലും അനുഭാവപൂർണമായ തീരുമാനം ഉണ്ടായതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു.എൻഎസ്എസിന് ലഭിച്ച വിധിയുടെ ആനുകൂല്യം സർക്കാർ ഉത്തരവിലൂടെ മറ്റ് മാനേജ്മെന്റുകൾക്കും നൽകാവുന്നതായിരുന്നു. സഭ ഇത് മുൻപ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സർക്കാരിന് ലഭിച്ച നിയമപദേശം മറിച്ചായിരുന്നു എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷം ഇപ്പോൾ നടപ്പാക്കാം എന്ന നിയമപദേശം ലഭിച്ചതായി പറയുന്നു. ഇപ്പോഴെങ്കിലും തീരുമാനം ഉണ്ടായതിൽ ആശ്വാസമുണ്ട്. ഉത്തരവിറങ്ങിയാൽ മാത്രമേ എന്താണ് വ്യവസ്ഥകൾ എന്നറിയാൻ സാധിക്കു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെങ്കിലും ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത് സന്തോഷമുണ്ടടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
