തൃശൂർ : തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നു. പൂരം കലക്കിയതിന് പിന്നിൽ മന്ത്രി കെ. രാജനും സുനിൽകുമാറുമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. കമ്മീഷണറെയും എഡിജിപിയെയും ഇപ്പോൾ സർക്കാർ വെള്ളപൂശുകയാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം അനാവശ്യ വിവാദമുണ്ടാക്കാൻ ആരെങ്കിലും ചൂണ്ടയിട്ടാൽ അതിൽ കൊത്താൻ ഇല്ലെന്ന് മന്ത്രി കെ രാജനും പ്രതികരിച്ചു.
പൂരം കലക്കലിൽ അന്നത്തെ തൃശ്ശൂര്‍ ജില്ലാ കളക്ടർ ആയിരുന്നു ഒന്നാം പ്രതിയെന്ന മുൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി റവന്യൂ മന്ത്രി കെ രാജൻ രംഗത്തെത്തി. പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ല എന്നും കെ രാജൻ വ്യക്തമാക്കി. ഒന്നാം പ്രതി കളക്ടറാണെങ്കില്‍ കളക്ടറെ നിയന്ത്രിക്കുന്ന റവന്യൂ മന്ത്രിയെയും പ്രതി ചേര്‍ക്കണെമന്ന് ബിജെപി ആവശ്യപ്പെട്ടു.
