തിരുവനന്തപുരം:കേരളത്തിന്റെ റെയില്‍ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന ‘റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം’ (RRTS) പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയ വിവരം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടറിന് കത്തയച്ചു. 2025 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മേഖലകൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വലിയ സമ്മർദ്ദത്തിലാണ്. വർധിച്ചുവരുന്ന വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിനായി അതിവേഗവും ഉയർന്ന ശേഷിയുള്ളതുമായ ഒരു പൊതുഗതാഗത സംവിധാനം അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ളതും കാർബൺ ഉദ്വമനം കുറയ്ക്കുന്നതുമായ ഒരു പദ്ധതിയായാണ് ആർ.ആർ.ടി.എസ് വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ മാതൃകയും അതിന്റെ പ്രവർത്തനക്ഷമതയും പഠനവിധേയമാക്കിയ ശേഷമാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ ഇത് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

