സിബിഎസ്ഇ സ്കൂളുകളിൽ ഏകപക്ഷീയ ഫീസ് വർധനവ് പാടില്ല, ഫീസ് ഘടന പ്രദർശിപ്പിക്കണം; കർശന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

insight kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളിൽ ഏകപക്ഷീയമായ ഫീസ് വർധനവ് പാടില്ലെന്ന കർശന നിർദ്ദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംസ്ഥാനത്ത് ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുന്നതുവരെ രക്ഷാകർതൃ-അധ്യാപക അസോസിയേഷന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി ഫീസ് വർധനവ് നടപ്പാക്കരുത്. സ്കൂളുകളുടെ ഫീസ് ഘടന അവരുടെ ഔദ്യോഗിക വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കണം. കൂടാതെ ഫീസ് ഘടന ക്രമീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും സംസ്ഥാനതല കമ്മിറ്റിയും രൂപീകരിക്കണം. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഫീസ് ഇളവുകളും നൽകുന്ന പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.
സംസ്ഥാനത്തെ എല്ലാ സിബിഎസ്ഇ സ്കൂളുകൾ അഫിലിയേഷൻ ബൈലോകളും സർക്കുലറുകളും കർശനമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്. കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ചട്ടങ്ങളും ബൈലോകളും കർശനമായി പാലിക്കണം.
ശിശു സൗഹൃദ, ഭിന്നശേഷി സൗഹൃദ മാർഗ നിർദ്ദേശങ്ങൾ സ്കൂളുകൾ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. വിദ്യാർത്ഥികൾക്ക് മതിയായ ടോയ്‌ലറ്റുകൾ, റാമ്പുകൾ, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ടോയ്‌ലറ്റുകൾ, സുരക്ഷിതമായ കളിസ്ഥലങ്ങൾ എന്നിവ നിർമ്മിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുമാണ്. വിദ്യാർത്ഥികൾക്ക് സാമൂഹികവും വൈകാരികവുമായ പിന്തുണ നൽകുന്നതിന് എല്ലാ സ്കൂളുകളിലും സ്കൂൾ കൗൺസിലറെ നിയമിക്കണമന്നും ഉത്തരവിൽ നിർദ്ദേശിച്ചു.
കേരളത്തിലെ സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളിൽ അധ്യയന സമയത്ത് എൻട്രൻസ് കോച്ചിംഗ് ക്ലാസ് നടത്തുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം കാരണം കുട്ടികളിലെ മാനസികപിരിമുറുക്കം വർദ്ധിക്കുകയും അത് അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സന്തോഷത്തിനായി പരിശീലനത്തിന് രക്ഷിതാക്കൾ കഠിനാധ്വാനം ചെയ്ത് രണ്ട് വർഷത്തേക്ക് വലിയ തുക ചെലവഴിക്കേണ്ടിവരുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് മണക്കാട് മനീഷ് കമ്മിഷന് നൽകിയ പരാതിയിലാണ് ഉത്തരവ്. സി ബി എസ് ഇ ചെയർപേഴ്സൺ, സെക്രട്ടറി, റീജിയണൽ ഓഫീസർ, പൊതു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർ ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012 ലെ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 60 ദിവസത്തിനകം ലഭ്യമാക്കണമെന്നും കമീഷൻ ഉത്തരവിട്ടു.

Share This Article