പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി വിവരം. ഒളിവിൽ പോയ കേസിലെ നാലു പ്രതികളാണ് സംസ്ഥാനം വിട്ടത്. പ്രധാന പ്രതി മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ, സുഹൃത്ത് ബർലിൻ ദാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഒളിവിൽ കഴിയുന്ന നാലു പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കൃറ്റകൃത്യത്തിൽ ഏർപ്പെട്ടതിന് ശേഷം സംസ്ഥാനം വിടുന്ന രീതിയാണ് മരണ സുബിനും സംഘവും സ്ഥിരമായി ചെയ്യാറുള്ളത്. മരണ സുബിൻ അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
പ്രതികൾക്കായി പത്തനംതിട്ട എസ്.പിയുടെയും തിരുവല്ല ഡിവൈ.എസ്.പിയുടെയും സ്ക്വാഡ് ടീമുകൾ വ്യാപക തിരച്ചിൽ നടത്തുകയാണ്. അതിജീവിതയുടെയും സ്പാ ഉടമയുടെയും വെളിപ്പെടുത്തലിന്‍റെയും അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ തിരുവല്ല ഡിവൈ.എസ്.പിക്ക് ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, കൂട്ടബലാത്സംഗം ചെയ്യാൻ സ്പായിലെ സഹപ്രവർത്തക ഒത്താശ ചെയ്തെന്ന് അതിജീവിത പൊലീസിൽ മൊഴി നൽകിയതായാണ് വിവരം. സഹപ്രവർത്തകയിലേക്കും ആൺ സുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പേർ പ്രതിയായേക്കുമെന്നും റിപ്പോർട്ട്.

