പയ്യന്നൂർ ഫണ്ട് തട്ടിപ്പ് നിയമസഭയിൽ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

insight kerala

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിവാദം സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിച്ചത്. രക്തസാക്ഷിത്വ ഫണ്ട് തട്ടിപ്പിൽ എംഎൽഎ ടി ഐ മധുസൂദനൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേരെ ഉണ്ടായ അക്രമ സംഭവങ്ങൾ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇരിക്കൂർ MLA സജീവൻ ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സഭയിൽ ചർച്ച ചെയ്യാൻ മാത്രം വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് വേണമെങ്കിൽ ആദ്യ സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ നിലപാടെടുത്തു.
സ്ത്രീകൾ അടക്കുള്ള സമരക്കാരെ തല്ലിച്ചതച്ച സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ചർച്ച ചെയ്യണമെന്നും വിഷയത്തിന് അതീവ പ്രാധാന്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിന് ചുറ്റും നിന്ന് മുദ്രാവാക്യം വിളിച്ചു. ബഹളത്തിനിടയിലും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ തുടർന്നു. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങി. പുറത്തുവരുന്നത് സിപിഎമ്മിന്റെ ജീർണ്ണതയുടെ മുഖമെന്നും സ്വന്തം നാട്ടിൽ നടക്കുന്ന ക്രൂരതകൾ കണ്ടിട്ടും മൗനം തുടരുന്ന മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
അതേസമയം പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് സഭയിൽ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടന്നത്.

Share This Article