കേരളത്തിൻ്റെ തലവര മാറ്റുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും മാറാത്തത് ഇനി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതു- വലതു മുന്നണികളെ കടന്നാക്രമിച്ച പ്രധാനമന്ത്രി , BJP അധികാരത്തിൽ വന്നാൽ സ്വർണ്ണക്കൊള്ള നടത്തിയ മുഴുവൻ പ്രതികളെയും ജയിലിൽ അടക്കുമെന്നതാണ് മോദിയുടെ ഗ്യാരണ്ടി എന്ന് ആവർത്തിച്ചു. കേരളത്തിലെ കോൺഗ്രസ് മുസ്ലിംലീഗ് മാവോവാദി കോൺഗ്രസ് ആയി മാറിയെന്നും കടുത്ത വിമർശനം. തലസ്ഥാനനഗരിയിലെ പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. തലസ്ഥാന കോർപ്പറേഷനിൽ മിന്നുന്ന വിജയം നേടി ഭരണത്തിലേറിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടുതൽ ഊർജ്ജം നൽകുകയാണ് ബിജെപിക്ക്. പുത്തരിക്കണ്ടം മൈതാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നാണ് അവകാശപ്പെട്ടത്.
മാറാത്തത് ഇനിയും മാറുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം നരേന്ദ്രമോദി മലയാളത്തിൽ പറഞ്ഞപ്പോൾ ഹർഷാരവത്തോടെ പ്രവർത്തകർ സ്വീകരിച്ചു. സ്വർണ്ണക്കൊള്ളയും സഹകരണ ബാങ്ക് തട്ടിപ്പും ചൂണ്ടിക്കാട്ടി ഇടതു വലതു മുന്നണികള കടന്നാക്രമിച്ചു. ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ സ്വർണ്ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളെയും ജയിലിൽ ഇടുമെന്നും പ്രഖ്യാപിച്ചു. കോൺഗ്രസിന് നേരെയും കടുത്ത വിമർശനം. മുസ്ലീംലീഗ് മാവോവാദി കോൺഗ്രസ് ആയി കേരളത്തിലെ കോൺഗ്രസ് മാറി എന്ന് പറഞ്ഞ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് കൃത്യമായ രാഷ്ട്രീയം. തലസ്ഥാന കോർപ്പറേഷനിൽ ചരിത്രം തിരുത്തിയ വിജയാവേശം അണികളിൽ എത്തിക്കാൻ മേയർ വി വി രാജേഷിനെ സ്നേഹാശ്ലേഷത്തോടെ ചേർത്തു നിർത്തുകയായിരുന്നു നരേന്ദ്രമോദി.
എൻഡിഎയിൽ ഘടകകക്ഷിയായി എത്തിയ 20 20 നേതാവ് സാബു എം ജേക്കബും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.
ആവേശം കടലോളം; പ്രധാനമന്ത്രി തലസ്ഥാനത്ത് ; ഇടതു-വലതു മുന്നണികളെ കടന്നാക്രമിച്ച് പുത്തരിക്കണ്ടത്തെ പ്രസംഗം
