സ്വർണ നിക്ഷേപ പദ്ധതി; ആരോപണവിധേയരെ കുറ്റവിമുക്തരാക്കിയശേഷം അന്വേഷണം, റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ ബലിയാടാക്കി ദേവസ്വം ബോർഡ്

പി.വി. മനോജ് കുമാർ

insight kerala
Travancore Devaswom Board Gold Scheme Scam

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം എസ്.ബി.ഐയുടെ ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകുന്നതിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയശേഷം തിരുവാഭരണം കമ്മീഷണറെ ബലിയാടാക്കി ദേവസ്വം ബോർഡ്. യഥാസമയം റിപ്പോർട്ട് നൽകുന്നതിൽ കാലതാമസം വരുത്തുക വഴി പലിശയിനത്തിൽ ബോർഡിന് വൻ സാമ്പത്തികനഷ്ടം വരുത്തി എന്നാരോപിച്ചാണ് അന്ന് തിരുവാഭരണം കമ്മീഷണറായിരുന്ന സി സുനിലയെ ബോർഡ് അധികൃതർ ബലിയാടാക്കിയത്.

ശബരിമലയിലെ അടക്കം സ്വർണ വകകൾ സംബന്ധിച്ച റിപ്പോർട്ട് നൽകാതെ മാസങ്ങളോളം ബോധപൂർവം കാലതാമസം വരുത്തിയ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, അന്ന് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ചുമതലയിലുണ്ടായിരുന്ന തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരൻ എന്നിവരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സുനിലയെ ബലിയാടാക്കിയത്. ആരോപണവിധേയരായ രണ്ടുപേരെയും കുറ്റവിമുക്തരാക്കിയശേഷമാണ് ബോർഡ് വിഷയത്തിൽ അന്വേഷണം നടത്തിയത്. അന്വേഷണം കഴിഞ്ഞുവെങ്കിലും റിപ്പോർട്ട് പൂഴ്ത്തി.

ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമിൽ സ്വർണം നിക്ഷേപിക്കുന്നതിന്റെ ഭാഗമായി സ്വർണ ഉരുപ്പടികൾ സംബന്ധിച്ച വിശദവിവരങ്ങൾ വകുപ്പ് തയ്യാറാക്കിയ ഫോർമാറ്റിൽ സമർപ്പിക്കണമെന്ന് കാട്ടി 2023 ഒക്ടോബർ 16 നാണ് ബോർഡ് ഉത്തരവിറക്കുന്നത്. ഇതിനുപിന്നാലെ നവംബർ ഒമ്പതിന് ഇതിന്റെ ചുമതല തിരുവാഭരണം കമ്മീഷണറെ ഏൽപ്പിച്ച് മറ്റൊരു ഉത്തരവുമിറക്കി. എ, ബി സി എന്നിങ്ങനെ മൂന്നു രജിസ്റ്ററുകൾ തയ്യാറാക്കി സ്വർണത്തിന്റെ തൂക്കം, മൂല്യം എന്നിവ പ്രത്യേകം രേഖപ്പെടുത്തി മഹസർ തയ്യാറാകണമെന്നും നിർദ്ദേശിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്നാൽ, ശബരിമലയിലെ സ്വർണ ഉരുപ്പടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിൽ അന്നത്തെ എക്സിക്യു്ട്ടീവ് ഓഫീസർ മുരാരി ബാബു വലിയ വീഴ്ച വരുത്തി. അന്ന് പത്തനംതിട്ട ഡെപ്യുട്ടി കമ്മീഷണർ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരനും കൃത്യവിലോപം വരുത്തി. മുരാരി ബാബുവും ജയറാം പരമേശ്വരനും കുറ്റകരമായ വീഴ്ച വരുത്തിയെന്ന് കാട്ടി വിശദീകരണം തേടുകയും ചെയ്തു. ഇവർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് പറഞ്ഞാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

അതേസമയം, റിപ്പോർട്ട് യഥാസമയം ലഭ്യമാക്കാത്തതിനാൽ എസ് ബി ഐയിൽ നിന്നും ലഭിക്കേണ്ട പലിശയിനത്തിൽ വലിയ നഷ്ടം സംഭവിച്ചുവെന്ന് പറഞ്ഞാണ് തിരുവാഭരണം കമ്മീഷണറെ ബലിയാടാക്കിയത്. ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കയങ്കി പോലും “സി” കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയതെന്നും കുറ്റമറ്റ രീതിയിൽ അന്തിമ കണക്കും റിപ്പോർട്ടും നൽകണമെന്നും തിരുവാഭരണം കമ്മീഷണർ പലകുറി ആവശ്യപ്പെട്ടു.

എന്നാൽ, ഈ നിർദ്ദേശം കാറ്റിൽ പറത്തുകയായിരുന്നു മുരാരി ബാബുവും ജയറാം പരമേശ്വരനും. ആരോപണവിധേയരെ രക്ഷപ്പെടുത്താൻ ചില ഉന്നത ഉദ്യോഗസ്ഥർ തിരുവാഭരണം കമ്മീഷണറെ ഇരയാക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയ ബോർഡ് അധികൃതർ നിലവിൽ സുനിലയുടെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്. സുനില പലതവണ നിവേദനം നൽകിയിട്ടും വ്യക്തമായ മറുപടി നൽകാൻ ബോർഡ് തയ്യാറായിട്ടില്ല. പെൻഷൻ തുക മാത്രമാണ് ആകെ അനുവദിച്ചിരിക്കുന്നത്.

ഇതിനിടയിലാണ് സ്വർണപ്പാളി വിഷയത്തിൽ മുരാരി ബാബു അറസ്റ്റിലായത്. വളരെയേറെ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നിട്ടും അന്നത്തെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാതെ ഇപ്പോഴും ഒളിച്ചുകളിക്കുകയാണ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം.

Share This Article