തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് എൻ. വാസു അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
ശബരിമല ശ്രീകോവിലിന്റെ കട്ടിള പാളി സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് സ്വർണം കൊണ്ടുപോയത് തന്റെ അറിവോടെയല്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. സ്വർണ പാളി കൊണ്ടുപോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തിൽ അഭിപ്രായം പറയാതിരുന്നതെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
സ്പോൺസർ എന്ന നിലയിൽ മാത്രമാണ് കേസിൽ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുള്ളതെന്നും, നിരവധി സ്പോൺസർമാർ ശബരിമലയിൽ ഉണ്ടാകാറുണ്ടെന്നും അവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും വാസു അന്വേഷണ സംഘത്തെ അറിയിച്ചു.
അതേസമയം, സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ ലഭിച്ചത് എൻ. വാസു സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും, ഇത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി തേടിയുള്ളതുമായിരുന്നു മെയിൽ. ഈ കത്തിൽ നോട്ട് എഴുതി ദേവസ്വം കമ്മീഷണർക്ക് അയച്ചെന്നും, എന്നാൽ പിന്നീട് കോവിഡ് കാലമായതിനാൽ അതിന്റെ തുടർനടപടികൾ എന്തായെന്ന് അറിയില്ലെന്നും എൻ. വാസു മൊഴി നൽകി.
അതിനിടെ, കട്ടിള പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഈ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനായി പ്രത്യേക കസ്റ്റഡി അപേക്ഷ നൽകും.

