കെ വി നിരഞ്ജന്‍
കോഴിക്കോട്: അടിമുടി ദുരൂഹതയാണ് റിപ്പോര്‍ട്ടര്‍ ടീവി എം ഡി ആന്റോ അഗസ്റ്റിന്റെ കാര്യത്തില്‍ എപ്പോഴും സംഭവിക്കാറുള്ളത്. വീട്ടില്‍നിന്ന് മദ്യം പിടിച്ചപ്പോള്‍ ആന്റോ പറഞ്ഞത് അത് തന്റെ വീടല്ല എന്നായിരുന്നു. റിപ്പോര്‍ട്ടര്‍ ടീവിയുടെ ലൈസന്‍സ് പോലും മറ്റൊരു കമ്പനിയുടേതാണെന്ന് തെളിയുന്നു. മറ്റാരുടെയൊക്കേ ബിനാമികളായി ഇവര്‍ പ്രവര്‍ത്തിക്കയാണെന്ന സംശയമാണ് മെസി തട്ടിപ്പിലും ഉയരുന്നത്. നഷ്ടമായ കോടികള്‍ ഒന്നും തന്നെ അഗസ്റ്റിന്‍ സഹോദരന്‍മ്മാരുടേത് അല്ല എന്ന് ഉറപ്പാണ്. ഇപ്പോള്‍ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീടും വന്‍ വിവാദത്തില്‍പെട്ടിരിക്കയാണ്.
ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റ മൂങ്ങനാനിയിലുള്ള കൂറ്റന്‍ ആഡംബര മന്ദിരം പൂര്‍ണ്ണമായും അനധികൃതമായാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്ന പഞ്ചായത്ത് രേഖകളും എക്സൈസ് റിപ്പോര്‍ട്ടും പുറത്ത്. മൂന്ന് നിലകളിലായി 983 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തില്‍ താഴത്തെ നിലയ്ക്ക് മാത്രമാണ് ഗ്രാമപഞ്ചായത്തിന്റെ അനുമതിയുള്ളത്. ബാക്കി ഭാഗങ്ങളെല്ലാം കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ദുരന്തനിവാരണ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് പണിതുയര്‍ത്തിയത്. നേരത്തെ റിസോര്‍ട്ടിനോ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കോ വേണ്ടി നിര്‍മ്മിച്ച ശേഷം പിന്നീട് വീടാക്കി മാറ്റിയതാണെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. എന്നാല്‍, കെട്ടിടം പൂര്‍ത്തിയായ ശേഷം ഇത് ഹോംസ്റ്റേയാക്കി മാറ്റാന്‍ ആന്റോ അഗസ്റ്റിന്‍ നല്‍കിയ അപേക്ഷ കടുത്ത നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മുട്ടില്‍ ഗ്രാമപഞ്ചായത്ത് തള്ളുകയായിരുന്നു. പഞ്ചായത്ത് കഴിഞ്ഞ 18-ന് ഓണ്‍ലൈനായി നല്‍കിയ ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റിലാണ് കെട്ടിടത്തിന്റെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച തനിനിറം പുറത്തുവന്നത്.
നിര്‍മ്മാണം അനധികൃതം
വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിര്‍മ്മാണ മാനദണ്ഡങ്ങളെല്ലാം പൂര്‍ണ്ണമായും ലംഘിച്ചാണ് ഈ കൂറ്റന്‍ കെട്ടിടം പണിതിരിക്കുന്നത്. കേശവേന്ദ്ര കുമാര്‍ വയനാട് കളക്ടറായിരുന്ന സമയത്ത് ദുരന്തനിവാരണ നിയമപ്രകാരം പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് നിശ്ചയിച്ച പരമാവധി ഉയരപരിധി ഈ കെട്ടിടം മറികടന്നതായി പഞ്ചായത്തിന്റെ മുന്‍ പരിശോധനകളില്‍ തെളിഞ്ഞിരുന്നു. പരമാവധി മൂന്ന് നിലകളും 10 മീറ്റര്‍ ഉയരവുമാണ് പ്രദേശത്ത് അനുവദനീയമെന്നിരിക്കെ, അതിലും കൂടുതല്‍ ഉയരത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
കടുത്ത നിര്‍മ്മാണ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2022 മാര്‍ച്ച് 28-ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റോ അഗസ്റ്റിന് സ്റ്റോപ്പ് മെമ്മോയും നോട്ടീസും നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 2022-ല്‍ ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അവസരം നല്‍കിയപ്പോള്‍ ആന്റോ അഗസ്റ്റിന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും, ദുരന്തനിവാരണ അതോറിറ്റിയുടെ കടുത്ത മാനദണ്ഡ ലംഘനങ്ങള്‍ ഉള്ളതിനാല്‍ ക്രമവല്‍ക്കരണ നടപടികള്‍ സാധ്യമാകാതെ തള്ളുകയായിരുന്നു.

അനുമതിയില്ലാത്ത നിലകളും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഉയരവും ക്രമവല്‍ക്കരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ചട്ടലംഘനം നടത്തിയ ഭാഗങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിയമപ്രകാരം പൊളിച്ചുനീക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പഞ്ചായത്ത് മുന്‍പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ നിര്‍മ്മാണം തുടര്‍ന്നതും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചതും വലിയ നിയമക്കുരുക്കിലേക്കാണ് ആന്റോയെ എത്തിച്ചിരിക്കുന്നത്.
അതിനിടെ, അനധികൃതമായി മദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ നിലവില്‍ എക്സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിന്‍. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്‍.എന്‍. ബൈജു തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലും ഈ വീടിന്റെ നിര്‍മ്മാണത്തിലെ അഴിമതിയും നിയമലംഘനങ്ങളും കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേസിന്റെ തെളിവെടുപ്പിനായി വാഴവറ്റയിലെ വീട്ടില്‍ എത്തിച്ചപ്പോഴും വീടിന്റെ ഉടമസ്ഥത തന്റേതല്ലെന്ന നിലപാടിലാണ് ആന്റോ ഉറച്ചുനിന്നത്. ഈ കെട്ടിടത്തില്‍ നിന്ന് മദ്യം കണ്ടെടുത്ത മുറിയടക്കമുള്ള ഭാഗങ്ങളില്‍ എക്സൈസ് സംഘം ആന്റോയുമായി നാല് മണിക്കൂറോളം തെളിവെടുപ്പ് നടത്തുകയുണ്ടായി. തുടക്കത്തില്‍, ഇത് തന്റെ വീടല്ലെന്നും ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പറഞ്ഞ് പ്രതി തെളിവെടുപ്പുമായി സഹകരിക്കാന്‍ വിസമ്മതിച്ചിരുന്നു.
കെട്ടിടം ഭാര്യമാതാവ് ലില്ലി ജോസിന്റെ പേരിലാണെന്നും 2022-ല്‍ സര്‍ഫാസി നടപടികളുടെ ഭാഗമായി വിറ്റതാണെന്നുമാണ് കോടതിയിലും ആന്റോ അവകാശപ്പെട്ടത്. എന്നാല്‍, ആന്റോ അഗസ്റ്റിന്റെ ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന തെളിവുകളാണ് എക്സൈസിനും കോടതിക്കും മുന്നിലെത്തിയിരിക്കുന്നത്. തണ്ടപ്പേര് രേഖകള്‍ പ്രകാരം വീടിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആന്റോ അഗസ്റ്റിന്‍ തന്നെയാണെന്ന് എക്സൈസ് ഉറപ്പിച്ചു. കൂടാതെ പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോയിലും വിലാസം ആന്റോ അഗസ്റ്റിന്റെ പേരിലാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ആന്റോ തന്നെയാണ് കെട്ടിട നികുതി അടച്ചതെന്ന് ഹൈക്കോടതിയിലും വ്യക്തമായിരുന്നു. ഇതോടെയാണ് ആന്റോയുടെ വാദങ്ങള്‍ പൊളിഞ്ഞത്.

