പിണറായിക്കെതിരായ കേസ്; ഇഡി ശുപാർശയിൽ സർക്കാർ തീരുമാനം നാളെ

insight kerala

തിരുവനന്തപുരം : സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ സർക്കാർ തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കും. നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം വിജിലൻസിന്റെ പ്രാഥമിക അന്വേഷണമോ അതല്ലെങ്കിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണമോ ആണ് സർക്കാർ നിലവിൽ പരിഗണിക്കുന്നത്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. ഇ.ഡി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിട്ടുണ്ട്. ഇ.ഡി ആവശ്യപ്പെട്ടതുപോലെ നേരിട്ട് കേസെടുത്താൽ അത് കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാനത്ത് കൂടുതൽ ഇടപെടാൻ വഴിതുറക്കുമെന്ന ആശങ്ക കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. കൂടാതെ യു.ഡി.എഫ് നേതാക്കളുടെ പേരുകളും സി.എം.ആർ.എൽ ഡയറിയിലുള്ളത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. അതേസമയം ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നുമാണ് സി.പി.എം നിലപാട്.

Share This Article