കണ്ണൂർ : പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) നടപടി ഇന്ത്യ മുന്നണിയിൽ ഭിന്നതയുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് യുഡിഎഫ് സ്വതന്ത്ര എംഎൽഎ ടി.കെ. ഗോവിന്ദൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ് ഇഡി നീങ്ങുന്നത്. ഇഡി നിഷ്പക്ഷ ഏജൻസിയാണെന്ന് ആരും വിശ്വസിക്കില്ല. പിണറായി വിജയനെതിരെ ഇഡി അന്വേഷണം വരുമ്പോൾ അത് മികച്ചതാണെന്നും മറ്റുള്ളവർക്കെതിരെ വരുമ്പോൾ മോശമാണെന്നുമുള്ള ചില യുഡിഎഫ് നേതാക്കളുടെ ഇരട്ടത്താപ്പ് ശരിയല്ല. പിണറായി വിജയൻ്റെ മകൾ വീണ തെറ്റായ മാർഗത്തിലൂടെ പണം സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. അതിന് കൃത്യമായ അന്വേഷണ രീതികളുണ്ട്. അതിനുപകരം പിണറായി വിജയനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം നടത്തുന്നതെങ്കിൽ ആ ഏജൻസിയുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ടി കെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ രംഗത്ത് വന്നു. പിണറായിയുടെ കുടുംബത്തിനെതിരെ വരുന്നത് എങ്ങനെ പാർട്ടിയുടേതാകുമെന്ന് വി കുഞ്ഞികൃഷ്ണൻ ചോദിച്ചു. കുടുംബത്തിന് നേരെ ഉണ്ടാവുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാകുന്നത് എങ്ങനെയെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.

