‘ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി

insight kerala

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വാഹന പരിശോധനയിൽ വീഴ്ചവരുത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട സിഎഫ്ആർആർ നടപടിക്രമങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥനായ എൻ. പ്രേംകുമാറിൽ നിന്ന് 15 ദിവസത്തിനുള്ളിൽ വിശദീകരണം വാങ്ങി തുടർനടപടികൾ സ്വീകരിക്കാന്‍ ഗതാഗത മന്ത്രി സി.പി ജോൺ ഗതാഗത സെക്രട്ടറിക്ക് നിർദേശം നല്‍കി. ഇതിന് പുറമെ മോട്ടോർ വാഹന വകുപ്പിൽ നടപ്പിലാക്കേണ്ട നവീകരണ പ്രവർത്തനങ്ങൾക്കായി സമയബന്ധിതമായി ആക്ഷൻ പ്ലാൻ തയാറാക്കാനും ഇതിന്റെ പുരോഗതി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളിൽ യഥാസമയം റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

മുണ്ടംപറമ്പ് കൊറ്റംപറമ്പിൽ വീട്ടിൽ ഷൗക്കത്ത് അലിയുടെ മരണത്തിന് പിന്നിൽ മോട്ടോർ വാഹന വകുപ്പിന്റെ വീഴ്ചകൾ മാത്രമാണെന്ന് കരുതാനാകില്ലെന്നാണ് ഗതാഗത സെക്രട്ടറി ഗതാഗത മന്ത്രി സി.പി ജോണിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളെത്തുടർന്ന് അരീക്കോട് പൊലീസ് 0582/2026 എന്ന നമ്പറിൽ 2026 ഓഗസ്റ്റ് 27ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഇതിന് സമാന്തരമായാണ് വകുപ്പുതലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

ഷൗക്കത്ത് അലിയുടെ കെഎൽ 84 – 6193 രജിസ്റ്റർ നമ്പറിലുള്ള ഓട്ടോറിക്ഷ 2025 നവംബർ 13ന് എഎംവിഐ എൻ. പ്രേംകുമാർ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നിയമവിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് അപാകതകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ അദ്ദേഹം നിർദേശം നൽകി. എന്നാൽ 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ 110 ആം ചട്ടം അനുശാസിക്കുന്ന പ്രകാരം അപേക്ഷ നിരസിച്ച വിവരം സിഎഫ്ആർആർ ഫോമിൽ രേഖപ്പെടുത്തി അപേക്ഷകന് നൽകിയില്ല. ഈ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടുന്നത്. ചട്ടം പാലിക്കാതിരുന്നതിന്റെയും അപേക്ഷ നിരസിച്ചത് ഫോമിൽ രേഖപ്പെടുത്താതിരുന്നതിന്റെയും കാരണം വ്യക്തമാക്കാൻ നോട്ടീസിൽ ആവശ്യപ്പെടും. ഉദ്യോഗസ്ഥന്റെ വിശദീകരണം ലഭിച്ച ശേഷം അനുയോജ്യമായ തുടർനടപടികൾ സ്വീകരിക്കാനാണ് ഗതാഗത സെക്രട്ടറിയുടെ ശുപാർശ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം ഉദ്യോഗസ്ഥന് കൈക്കൂലി നൽകാത്തതിനാലോ ഏജന്റുമാർ വഴി സമീപിക്കാത്തതിനാലോ ആണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന ആരോപണം തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്ഥാപിത താൽപര്യങ്ങളോടെ എഎംവിഐ ബോധപൂർവം അപേക്ഷ നിരസിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്താനായില്ല.

വകുപ്പിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനായി നിരവധി നിർദേശങ്ങളും പ്രാഥമിക റിപ്പോർട്ടിലുണ്ട്. വാഹന പരിശോധനകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റണമെന്നും മാന്വൽ രജിസ്റ്ററുകൾ ഒഴിവാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ പരിശോധനയ്ക്കും പ്രത്യേക ഡിജിറ്റൽ ഇൻസ്പെക്ഷൻ ഐഡി നൽകണം. വാഹന പരിശോധനകൾ ഓഫിസറുടെ ലോഗിൻ വഴിയാക്കുകയും അപാകതകൾ സംബന്ധിച്ച് ഡിജിറ്റൽ ചെക്ക് ലിസ്റ്റ് തയാറാക്കുകയും വേണം. പരിശോധനയിൽ കണ്ടെത്തുന്ന പിഴവുകളുടെ ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനും ഓഫിസറുടെ ഡിജിറ്റൽ ഓതന്റിക്കേഷൻ ഉറപ്പാക്കാനും സംവിധാനം ഒരുക്കണം. പരിശോധനയിൽ വാഹനം പാസാകുന്നതും പരാജയപ്പെടുന്നതും പുനഃപരിശോധന വേണ്ടതും ഓൺലൈനായി തന്നെ രേഖപ്പെടുത്തണം. ഇതുസംബന്ധിച്ച വിവരങ്ങൾ അപേക്ഷകന് എസ്എംഎസ്, വാട്സ്ആപ്പ് അല്ലെങ്കിൽ ഓൺലൈൻ നോട്ടിഫിക്കേഷൻ വഴി ലഭ്യമാക്കണം.

ഡിജിറ്റലായി തയാറാക്കിയ സിഎഫ്ആർആർ രേഖകൾ അപേക്ഷകന് നൽകുന്നതിനൊപ്പം പുനഃപരിശോധനാ തീയതി ഓൺലൈനായി നൽകാനും സംവിധാനമുണ്ടാകണം. വീണ്ടും പരിശോധനയ്ക്ക് എത്തുമ്പോൾ നേരത്തെ കണ്ടെത്തിയ അപാകതകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം. ഇതിന് പുറമെ ക്യുആർ കോഡ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താനും ഇടനിലക്കാരുടെ ഇടപെടലുകൾ കർശനമായി നിയന്ത്രിക്കാനും ആഭ്യന്തര വിജിലൻസ് വിഭാഗം ശക്തിപ്പെടുത്താനും റിപ്പോർട്ടിൽ നിർദേശമുണ്ട്. ഇത് സംബന്ധിച്ച് എല്ലാ ആർടിഒ, എസ്ആർടിഒ ഓഫിസുകൾക്കും പ്രത്യേക നിർദേശം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ അറിയിച്ചു.

Share This Article