തിരുവനന്തപുരം: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ഭരണമുന്നണിയിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമാകുന്നു. യുവ നേതാവിനെതിരെ കേസെടുത്തതിൽ യുഡിഎഫിനുള്ളിലെ യൂത്ത് ലീഗ് ഉൾപ്പെടെയുള്ള യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരുന്നു.
കേസ് പിൻവലിക്കണമെന്ന് പി കെ ഫിറോസ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. കേസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രിയെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വർഗീയത പറയുന്നവരെ ഒരിക്കലും പിന്തുണക്കില്ല, പക്ഷെ വർഗീയത പറയുന്നവരുടെ യാഥാർഥ്യം പറഞ്ഞവർക്കെതിരെ കേസ് എടുക്കാൻ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. പി കെ ഫിറോസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും രംഗത്തെത്തി.
കേസ് പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്. മുസ്‌ലിം സമൂഹത്തിനെതിരെ വംശീയ പരാമർശം നടത്തിയത് അപർണ കുറുപ്പാണ്. അപർണക്കെതിരെ ഇതുവരെ യാതൊരു നിയമനടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട ചർച്ചയെ വംശീയതയുടെ തലത്തിലേക്ക് ആനയിച്ചവർക്കെതിരെ നടപടി എടുക്കുന്നതിനു പകരം ‘സൈബർ ആക്രമണ’ത്തിന്റെ ഉത്തരവാദിത്വം ചാനൽ ചർച്ചയിൽ പങ്കെടുത്ത ഒരു മുസ്‌ലിം സംഘടന നേതാവിന്റെ മേൽ ചാർത്തി വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. വിഷയത്തിൽ നീതിയുക്തമായാണ് സംസ്ഥാനത്തെ പൊലീസ് സംവിധാനം പ്രവർത്തിക്കേണ്ടത്. കേസെടുത്ത നടപടി തെറ്റാണെന്നും ഇത് തിരുത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും എസ്. ഇർഷാദ് ആവശ്യപ്പെട്ടു.
അബ്ദുല്ല ബാസിലിന് എതിരായ നടപടിയോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ബാസിൽ എന്ത് വ്യക്തി അധിക്ഷേപമാണ് നടത്തിയതെന്നും മറ്റാരെങ്കിലും സൈബർ അറ്റാക്ക് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ ബാസിൽ എങ്ങനെ പ്രതിയാകുമെന്നും അദ്ദേഹം പങ്കുവെച്ച ഫെസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.

