കെ വി നിരഞ്ജന്‍
കോഴിക്കോട്: ഒരു വാര്‍ത്തക്കായി മണിക്കൂറുകള്‍ കാത്തിരിക്കുക, എന്നിട്ട് ഒന്നും കിട്ടാതെ വെറും കൈയോടെ മടങ്ങുക. കഴിഞ്ഞ ദിവസം കോഴിക്കോട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മുട്ടന്‍ പണി കിട്ടിയത്. ഇത് കാന്തപുരത്തിന്റെ ബോധപൂര്‍വമുള്ള പ്രതികാരമായിരുന്നുവെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉയരുന്നത്.
ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണമെടുക്കാനെത്തിയ മുന്‍നിര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ മണിക്കൂറുകളോളം കാത്തിരുപ്പിച്ച് ഒടുവില്‍ അഞ്ചുവരി പ്രസംഗം മാത്രം നല്‍കി മടക്കിയയച്ചാണ് സംഘാടകര്‍ ‘പണി’ കൊടുത്തത്. ഈ പ്രതികാര നടപടിക്കെതിരെ ചില ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രതികരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വലിയ രീതിയിലുള്ള മാധ്യമവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ എ.പി വിഭാഗത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. കോഴിക്കോട് സിറ്റിയില്‍ മര്‍കസിന്റെനേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സംഗമത്തില്‍ കഴിഞ്ഞ ദിവസം കാന്തപുരം പങ്കെടുത്തിരുന്നു. വിഷയത്തില്‍ വിശദീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ ചാനലുകളിലെ മാധ്യമസംഘം കാന്തപുരത്തിന്റെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്.
വൈകിട്ട് 4.30-ഓടെ തന്നെ ഏഷ്യാനെറ്റ്, മനോരമ, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ ടി.വി, ന്യൂസ് 18, ബിഗ് ടിവി തുടങ്ങിയ പ്രധാന മാധ്യമങ്ങളിലെ സംഘം സ്ഥലത്തെത്തി ഹാളില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം വേദിക്ക് മുന്നില്‍ നിസ്സഹായരായി ഇരുത്തുകയാണ് സംഘാടകര്‍ ചെയ്തത്. പാട്ടും പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും കേട്ട് ആറു മണിക്കൂറിലധികം കാത്തിരുന്നിട്ടും കാന്തപുരം വേദിയിലെത്തിയില്ല.
ഒടുവില്‍ രാത്രി 10.30 കഴിഞ്ഞാണ് അദ്ദേഹം വേദിയിലെത്തിയത്. വിവാദ വിഷയങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കുമെന്നു കരുതിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെറും അഞ്ചുവരി മാത്രമുള്ള ഔപചാരിക പ്രസംഗം നടത്തി കാന്തപുരം വേദി വിടുകയായിരുന്നു. പ്രധാന വിഷയങ്ങളിലൊന്നും ഒരക്ഷരം പോലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. തങ്ങളെ ബോധപൂര്‍വം അപമാനിക്കാനും സമയം നഷ്ടപ്പെടുത്താനുമാണ് എ.പി വിഭാഗം ഇത്തരമൊരു ‘കെണി’ ഒരുക്കിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പരിപാടി കഴിഞ്ഞയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ‘കിലുക്കം’ സിനിമയിലെ ‘ജ്യോതീം വന്നില്ല തീയും വന്നില്ല’ എന്ന പ്രശസ്തമായ ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ സംഘാടകരുടെ ഈ പ്രതികാര നീക്കത്തെ പരിഹസിച്ചതും പ്രതിഷേധം അറിയിച്ചതും. ചോദ്യങ്ങളെ നേരിടാന്‍ ഭയമുള്ളതുകൊണ്ടാണ് എ.പി വിഭാഗം മാധ്യമപ്രവര്‍ത്തകരോട് ഇത്തരം പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

