തൃശ്ശൂർ: കല്ലൂർ കോട്ടായിയിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിൻ്റെ പുറകുവശത്തെ രണ്ട് വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകൾ തകർത്ത ശേഷമാണ് മോഷണം നടന്നത്. നിരീക്ഷണ ക്യാമറയുടെ ഡിവിആർ മോഷ്ടാക്കൾ കവർന്നു. വാതിലുകൾ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീടിൻ്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്ത് മഞ്ഞൾപൊടിയും കാപ്പിപ്പൊടിയും വിതറിയ നിലയിലായിരുന്നു. രണ്ടു നിലകളിലുമുള്ള അലമാരകൾ കുത്തി തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. ഒരു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ ആഭരണങ്ങൾ മോഷ്ടാക്കൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ 25നാണ് ജെയ്സനും കുടുംബവും ചെന്നൈയിലുള്ള മകൻ്റെ അടുത്തേക്ക് പോയത്. കഴിഞ്ഞദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
