ശിഷ്യയില്‍നിന്ന് 50 പവന്‍ സ്വര്‍ണം തട്ടിയെന്ന് പരാതി; ലൈംഗിക ചൂഷണ വിവാദം നേരത്തെയുണ്ടെന്ന് എതിരാളികള്‍;’അകം പൊരുള്‍’ സംഘടനയിലും പൊട്ടിത്തെറി; ‘രണ്ടാം ചേകന്നൂര്‍’ എന്ന് വിളിക്കുന്ന സി എച്ച് മുസ്തഫ മൗലവി വിവാദത്തില്‍

insight kerala

കെ വി നിരഞ്ജന്‍

കോഴിക്കോട്: വധുവിന് പങ്കാളിത്തമുള്ള വിവാഹങ്ങള്‍വരെ നടത്തി, ഇസ്ലാമിലെ പരിഷ്‌ക്കരണവാദമുയര്‍ത്തി മുന്നേറുന്ന സി എച്ച് മുസ്തഫ മൗലവിക്കുനേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി എതിര്‍വിഭാഗം. മുസ്തഫ മൗലവിയുടെ സംഘടനയായ ‘അകംപൊരുളിന്റെ’ ചെയര്‍മാനും പ്രധാന നേതാക്കളും അടക്കം വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് എതിരെ പരസ്യമായി രംഗത്തെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. നേരത്തെ ഉയര്‍ന്ന ലൈംഗിക പരാതിയടക്കം ഇപ്പോള്‍ മുജാഹിദ്-സുന്നി ഗ്രൂപ്പുകള്‍ കുത്തിപ്പൊക്കുകയാണ്.

നിലവിലുള്ള ഇസ്ലാമിക രീതികളെല്ലാം തെറ്റാണെന്ന് വാദിച്ചുകൊണ്ട് ശക്തമായ മത നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന മുസ്തഫ മൗലവിയെ ‘രണ്ടാം ചേകന്നുര്‍ മൗലവി’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ താന്‍ ചേകന്നുരിന്റെ അനുയായി അല്ലെന്നും അദ്ദേഹവുമായി കടുത്ത വിയോജിപ്പാണെന്നുമാണ് മുസ്തഫ മൗലവി പറയുന്നത്. മതപരിഷ്്ക്കരണത്തിന്റെ പേരില്‍ വലിയ എതിര്‍പ്പുകളും ഭീഷണികളുമാണ് അദ്ദേഹം നേരിടുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

50 പവന്‍ സ്വര്‍ണം തട്ടി’

സി എച്ച് മുസ്തഫ മൗലവിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായ ഒരു സ്ത്രീയില്‍ നിന്ന് 50 പവന്‍ സ്വര്‍ണം തട്ടിയെന്നതാണ് വന്‍ വിവാദമായത്. അകംപൊരുള്‍ അണികളുടെ പേരില്‍ പുറത്തുവന്ന സോഷ്യല്‍ മീഡിയ സന്ദേശത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. രണ്ട് മാസത്തെ അവധി പറഞ്ഞ് വാങ്ങിയ സ്വര്‍ണം തിരിച്ചുകൊടുക്കാതായതോടെ സ്ത്രീയും അവരുടെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് മുസ്തഫ മൗലവിയുടെ വീട്ടിലെത്തി. ഇവരെ അദ്ദേഹം മര്‍ദിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത് സംഭവ സമയത്ത് അവിടെയെത്തിയ ഏതാനും ശിഷ്യന്‍മാര്‍ കണ്ടു. ഇവര്‍ ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പിന്റെയും കരാറിന്റെയും വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതേതുടര്‍ന്ന് അകംപൊരുള്‍ സംഘടന മൗലവിക്ക് 10 മാസത്തെ വിലക്ക് ഏര്‍പെടുത്തി. സംഘടനാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഇതിന് പിന്നാലെയാണ് കൂട്ടരാജികളുണ്ടായത്. സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സും അവരുടെ പ്രധാന പുസ്തകത്തിന്റെ പ്രസാധകനുമായ വി കെ അബ്ദുല്ലയും അദ്ദേഹത്തിന്റെ റീഡ് വെല്‍ഫെയര്‍ ഫൗണ്ടേഷനും മുസ്തഫയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചു.

ഇതേതുടര്‍ന്നാണ് വിശദീകരണ വീഡിയോയുമായി സി എച്ച് മുസ്തഫ മൗലവി രംഗത്തെത്തിയത്. സ്വര്‍ണം വാങ്ങിയത് അടുത്ത ബന്ധുവിന് വേണ്ടിയാണെന്നും ഗള്‍ഫ് യുദ്ധം കാരണമാണ് അത് തിരിച്ചുകൊടുക്കാണ കഴിയാതിരുന്നത് എന്നുമാണ് വിശദീകരണം. കുറച്ചു സ്വര്‍ണം തിരിച്ചുകൊടുത്തു. ബാക്കി കൊടുക്കുന്നതിന് കരാറുണ്ടാക്കി. സംഭവത്തില്‍ ക്ഷമാപണം നടത്തുന്ന മുസ്തഫ മൗലവി ഇത്തരം പിഴവ് ഇനി ആവര്‍ത്തിക്കില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
എന്നാല്‍ ക്ഷമാപണം മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ സംഘടനയില്‍ നിന്ന് വിട്ടുപോകുന്നവരുടെ വാദം. നേരത്തെ സമാനമായ സംഭവങ്ങളില്‍ ആരോപണ വിധേയനാകുകയും പലയിടത്തുനിന്നും നടപടി നേരിടുകയും ചെയ്തതാണ് ഇവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നത്.

സമാന ആരോപണങ്ങള്‍ നേരത്തെയും

കുടുംബത്തെ ഉപേക്ഷിച്ച് ഒറ്റക്ക് താസമിക്കുന്ന മുസ്തഫ മൗലവിയുടെ ഭാര്യയുടെ പരാതിയും അതിലെ വിവരങ്ങളും എതിരാളികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. മൗലവിയില്‍നിന്ന് ഏല്‍ക്കേണ്ടി വന്ന മര്‍ദനം, മാനസിക പീഡനം, സാന്പത്തിക നഷ്ടം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നതാണ് ഭാര്യയുടെ പരാതി. ഭാര്യയുടെ രണ്ട് ലക്ഷവും 52 പവന്‍ സ്വര്‍ണവും തട്ടിയതിനും കേസുണ്ട്. മുസ്തഫ മൗലവിക്ക് ദുരൂഹമായ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.

നേരത്തെ വിവിധ മുസ്ലിം സംഘടനകളുമായും വിവിധ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുസ്തഫ മൗലവിയെ സമാനമായ പരാതികളുടെ അടിസ്ഥാനത്തില്‍ അവിടെ നിന്നെല്ലാം പുറത്താക്കിയതാണ് എന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. വിവിധ മുസ്ലിം സംഘടനകളുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടയാളായതിനാല്‍ ഈ സംഘടനകളൊന്നും അകംപൊരുള്‍ എന്ന പുതിയ കൂട്ടായ്മയുമായി സഹകരിച്ചിരുന്നില്ല. ഇതോടെ, ഹിന്ദു, കൃസ്ത്യന്‍ മത സംഘടനകളുമായും മത മേധാവികളുമായും സഹകരിച്ചാണ് സമീപകാലത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് എതിരാളികള്‍ പറയുന്നത്. നാരായണ ഗുരുകലം, മലങ്കര മാര്‍ത്തോമ സുറിയാനി സഭ, കേരള ആത്മ വിദ്യാ സംഘം സംഘടനകളും സ്വാമി തന്മയ , ഗുരു മുനി നാരായണ പ്രസാദ്, സ്വാമി സച്ചിദാനന്ദ , എന്നിവരെപ്പോലുള്ള മത മേധാവികളും സി എച്ച് മുസ്തഫയുമായി സഹകരിച്ചിരുന്നു. മുസ്തഫക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഈ മത സംഘടനകളും നേതാക്കളും വെട്ടിലായിരിക്കുകയാണ്.

Share This Article