വെള്ളാപ്പള്ളിയെ പരസ്യമായി തള്ളി പിണറായി ; ‘ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം അസംബന്ധം’

insight kerala

വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എ എൻ ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശമാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. കുറുക്കുവഴിയിലൂടെ നേതാവായ വ്യക്തിയാണ് ഷംസീർ എന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞദിവസം വിമർശിച്ചത്. പി ശശിയെയും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. വിമർശനം തുടരുന്ന പശ്ചാത്തലത്തിലാണ് ഒടുവിൽ പിണറായി വിജയൻ തന്നെ നേരിട്ട് രംഗപ്രവേശനം ചെയ്യുന്നത്. തൃശ്ശൂരിൽ വാർത്താസമ്മേളനം നടത്തവെയാണ് വെള്ളാപ്പള്ളിയുടെ പരാമർശത്തിന് പിണറായി വിജയൻ മറുപടി നൽകിയത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന അസംബന്ധം എന്നാണ് പിണറായി പരസ്യമായി വിമർശിച്ചത്. കുറുക്കുവഴിയിലൂടെ ആരും നേതാക്കളായിട്ടില്ല എന്ന് പിണറായി ഓർമിപ്പിച്ചു.

ആഗോള അയ്യപ്പ മഹാസംഗമം നടത്തിയ വേളയിൽ വെള്ളാപ്പള്ളിയെ പിണറായി വിജയൻ കാറിൽ കയറ്റിയതും വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ തിരുത്താൻ പിണറായി തയ്യാറാകാതിരുന്നതും സിപിഎമ്മിനുള്ളിൽ തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച വിലയിരുത്തലിൽ വെള്ളാപ്പള്ളിക്കെതിരായ വിമർശനം കൂടുതൽ കടുത്ത രീതിയിൽ വേണമായിരുന്നു എന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളാപ്പള്ളി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിയുടെ ഭാഷ നീചമെന്നാണ് രാഗേഷ് വിമർശിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article