അഞ്ച് മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി ഡൽഹി പോലീസ്

insight kerala

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പു സമരത്തിനു മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്. ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ വിദ്യാർഥി സാഹിൽ ലോചവിന് പരിക്കേറ്റ സംഭവത്തിൽ കേസെടുത്തു.

സാഹിലിന്‍റെ പരാതിയിലാണ് പ്രാഥമിക വകുപ്പുകൾ ചേർത്ത് കേസെടുത്തത്. മൊഴി രേഖപ്പെടുത്തിയശേഷം കൂടുതൽ വകുപ്പുകൾ ചേർക്കും. പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ നടത്തിയ കുത്തിയിരിപ്പ് സമരം അഞ്ചു മണിക്കൂർ പിന്നിട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. സമരം വിജയം കണ്ടത് രാഹുലിനും കോൺഗ്രസിനും വലിയ കരുത്താകും. പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത്. കേസെടുക്കാതെ സ്റ്റേഷനിൽനിന്ന് തിരിച്ചുപോകില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നതോടെയാണ് പൊലീസിന് വഴങ്ങേണ്ടിവന്നത്.

Share This Article