തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂർണ കരമാർഗ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്റ് (ചരക്കുകൾ ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് മാറ്റൽ) പ്രവർത്തനങ്ങൾ മാത്രമാണ് തുറമുഖത്ത് നടന്നിരുന്നത്.
കേരളത്തിന്റെ സമഗ്ര വ്യവസായ-ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമായി. കേരളത്തിന്റെ തീരദേശ-തുറമുഖാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന സമഗ്ര വികസന പദ്ധതിയാണിത്. 400 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

