കെ വി നിരഞ്ജന്‍
മക്ക സംയുക്ത പ്രതിരോധ കരാര്‍ എന്ന് വിളിക്കുന്ന പുതിയ കരാര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് ആശങ്ക. സൗദി അറേബ്യ, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച ഒരു സുപ്രധാന സൈനിക-പ്രതിരോധ കരാറിനെ കുറിച്ചാണ് ഇന്ന് ലോകം ചര്‍ച്ചചെയ്യുന്നത്. 2026 ഓഗസ്റ്റ് 7-നാണ് ഈ കരാര്‍ നിലവില്‍ വന്നത്. ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ സായുധ ആക്രമണം ഉണ്ടായാല്‍ അത് മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ആക്രമണം ഉണ്ടാകുന്ന പക്ഷം മൂന്ന് രാജ്യങ്ങളും ഒന്നിച്ച് അതിനെ പ്രതിരോധിക്കും. പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക കൂട്ടായ്മയായ ‘നാറ്റോ’ യുടെ ആര്‍ട്ടിക്കിള്‍ 5 ചട്ടക്കൂടിന് സമാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ ‘ഇസ്ലാമിക് നാറ്റോ’ അല്ലെങ്കില്‍ ‘സുന്നി നാറ്റോ’ എന്നും വിളിക്കുന്നു
നാറ്റോ സഖ്യത്തെപ്പോലെ ഇതിന് ഒരു സ്ഥിരമായ സൈനിക കമാന്‍ഡോ അല്ലെങ്കില്‍ പ്രത്യേക ആസ്ഥാനമോ നിലവിലില്ല. ഇതൊരു സൈനിക അച്ചുതണ്ടോ വര്‍ഗ്ഗീയ കൂട്ടായ്മയോ അല്ലെന്നും, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഒരു സ്വയംപ്രതിരോധ സംവിധാനം മാത്രമാണെന്നും അംഗരാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിരോധ സഖ്യത്തിലേക്ക് ഭാവിയില്‍ ഈജിപ്ത് കൂടി പങ്കാളിയായേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം സഖ്യത്തിന് പിന്നില്‍ ട്രംപാണെന്നും അഭ്യൂഹമുണ്ട്. ഇസ്രയേലിനെയടക്കം മെരുക്കാനാണ് ട്രംപിന്റെ ഈ പരിപാടി എന്ന് സിഎന്‍ള്‍എന്‍ അടക്കമുള്ള വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രംപ് ഈ കരാറിനെ സ്വാഗതം ചെയ്യുകയും ഇതൊരു ധീരമായ ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ്വന്തം മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ ആ രാജ്യങ്ങള്‍ തന്നെ നോക്കട്ടെ എന്ന അമേരിക്കയുടെ വിദേശനയത്തിന് അനുയോജ്യമായാണ് ട്രംപ് ഇതിനെ കാണുന്നത്.

കരുതലോടെ ഇന്ത്യ
ഇന്ത്യ വളരെ കരുതലോടെയാണ് ഈ പുതിയ സഖ്യത്തോട് പ്രതികരിച്ചിരിക്കുന്നത്. മക്ക സംയുക്ത പ്രതിരോധ കരാര്‍ പശ്ചിമേഷ്യയിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷാ സമവാക്യങ്ങളെ കാര്യമായി ാമറ്റും. ഈ സഖ്യത്തിലെ പ്രധാനികളായ പാക്കിസ്ഥാനും തുര്‍ക്കിയും അന്താരാഷ്ട്ര വേദികളില്‍ പലപ്പോഴും ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി (ഉദാഹരണത്തിന് കാശ്മീര്‍ വിഷയത്തില്‍) നിലപാടുകള്‍ എടുക്കുന്നവരാണ്. ഈ സഖ്യം വഴി അവര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് ഇന്ത്യ വളരെ കരുതലോടെയാണ് വീക്ഷിക്കുന്നത്.

പാക്കിസ്ഥാന്‍ സൈന്യം വന്‍തോതില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളും ഡ്രോണുകളുമാണ് ഉപയോഗിക്കുന്നത്. പുതിയ സഖ്യത്തിലൂടെ ഇത്തരം ചൈനീസ് ആയുധ സാങ്കേതികവിദ്യകള്‍ ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്തുന്നതും ഇന്ത്യയ്ക്ക് തന്ത്രപരമായ ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യയുമായി ശക്തമായ സാമ്പത്തിക, നയതന്ത്ര ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഈ സഖ്യം ഇന്ത്യയ്ക്ക് എതിരെ ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുവദിക്കില്ലെന്നാണ് വിലയിരുത്തല്‍. മക്ക കരാറിലുള്ള രാജ്യങ്ങള്‍ ഈ സഖ്യം ഇറാന് എതിരല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇറാനുമായി നല്ല നയതന്ത്ര ബന്ധമുള്ളതിനാല്‍, പശ്ചിമേഷ്യയിലെ സമാധാനം നിലനിര്‍ത്താന്‍ ഈ സഖ്യത്തിന് സാധിച്ചാല്‍ അത് ഇന്ത്യയുടെ വ്യാപാര മേഖലയ്ക്കും ഗുണം ചെയ്യും. ഇന്ത്യ ഈ മേഖലയിലെ സാഹചര്യങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള നയതന്ത്ര നീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കുമെന്നാണ് അറിയുന്നത്.

