തലസ്ഥാന നഗരിയെ ഞെട്ടിച്ച കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നുമുതൽ എട്ടുവരെ പ്രതികളായ കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ പരട്ട എന്ന് വിളിപ്പേരുള്ള ആർ.അരുൺ,കണ്ണമ്മൂല തോട്ടരികത്ത് വീട്ടിൽ ആർ.ലല്ലു,കണ്ണമ്മൂല തോട്ടുവരമ്പിൽ വീട്ടിൽ പൂച്ച എന്ന് വിളിപ്പേരുള്ള ബി.രാജേഷ്, കണ്ണമ്മൂല മുടുമ്പിൽ വീട്ടിൽ സനൽകുമാർ എന്ന എം.സഞ്ജു,കണ്ണമൂല കുളവരമ്പിൽ വീട്ടിൽ ബോൾജി എന്ന് വിളിപ്പേരുള്ള എസ്.ശ്രീനാഥ്,പട്ടം പി.ടി.സി നഗറിൽ മഠത്തുവിളാകം വീട്ടിൽ വിജീഷ് എന്ന വി.വിഷ്ണു,കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ ഷേട്ടി മനു എന്ന ജെ.മനു,കൊല്ലൂർ തോട്ടുവരമ്പിൽ വീട്ടിൽ ഡിനി ബാബു എന്നിവർക്കാണ് ശിക്ഷ. സ്പെഷ്യൽ കോടതി ജഡ്ജി ഷാജഹാൻ ആണ് ശിക്ഷ വിധിച്ചത്.
ആകെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ജയൻ,അജീഷ്,ഉണ്ണിക്കൃഷ്ണൻ,ദിലീപ് എന്നീ പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി അരുൺ പേട്ട,മെഡിക്കൽ കോളേജ്,വഞ്ചിയൂർ സ്റ്റേഷനുകളിലായി കാപ്പ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ്.
2016 ഒക്ടോബർ 7 നായിരുന്നു കൊലപാതകം. പ്രതികൾ സംഘം ചേർന്ന് വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 18 വയസായിരുന്നു വിഷ്ണുവിന്റെ പ്രായം. അക്രമത്തിൽ അച്ഛൻ ജോസ് എന്ന അനിൽകുമാർ,അമ്മ ബിന്ദു കുമാരി,അച്ഛന്റെ സഹോദരി ലൈല എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

