കെ വി നിരഞ്ജന്‍
ചെന്നൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ സോഷ്യല്‍ മീഡിയിലെ ഒരു പ്രധാന വാര്‍ത്ത നടനും നിര്‍മ്മാതാവുമായ മോഹന്‍ ശര്‍മ്മയുടെ ജീവിതമാണ്. ചട്ടക്കാരി, നെല്ല് തുടങ്ങിയ സിനിമകളിലുടെ പ്രശ്‌സതനായ ഈ നടന്‍ തന്റെ ജീവിത സായാഹ്‌നത്തില്‍, ചെന്നൈക്ക് സമീപമുള്ള ഗുമിഡിപൂണ്ടിയിലെ ഒരു വൃദ്ധസദനത്തിലാണ് ഇപ്പോള്‍ താമസം. ഇത് സിനിമാലോകത്തിന്റെയും, ബന്ധുക്കളുടെയും വലിയ നന്ദികേടായാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്നും, മോഹന്റെ മദ്യപാനവും ആഢംബര ജീവിതും സിനിമാഭ്രമവുമാണ് അദ്ദേഹത്തെ ഈ നിലയില ആക്കിയതുമെന്നുമാണ് പഴയകാല സിനിമാക്കാര്‍ പറയുന്നത്. മൂന്ന് ഭാര്യമാരെയും ചൂഷണം ചെയ്തശേഷം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും നടി കുട്ടി പത്മിനി അടക്കമുള്ളവര്‍ പറയുന്നു. ഇതോടെ മോഹന്‍ ശര്‍മ്മയുടെ കഥന കഥയുടെ മറുവശമാണ് പുറത്തുവരുന്നത്.
‘മോഹന് പറയുന്നത് കള്ളം’
വൃദ്ധസദനത്തില്‍ കഴിയുന്ന നടന്‍ മോഹന്‍ ശര്‍മ പറയുന്ന കാര്യങ്ങള്‍ കള്ളമാണെന്ന് നടി കുട്ടി പത്മിനി തുറന്നടിച്ചു. ”ഫിലിം ചേംബര്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് രണ്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ആരും സഹായിച്ചില്ലെന്ന് പറയുന്നു. ഒരു അളവുമില്ലാതെ ഇത്രയും നുണ പറയുന്നു. എനിക്ക് ആശ്ചര്യമായി. അദ്ദേഹം നല്ല നടനാണ്. അല്ലെങ്കില്‍ ഇങ്ങനെ വികാരധീനനായി സംസാരിക്കാന്‍ പറ്റില്ല.കഷ്ടപ്പെടുന്നവരെ സഹായിക്കണം. എന്നാല്‍ കഷ്ടപ്പെടുന്നവരെ പോലെ അഭിനയിക്കുന്നവരെ ജാഗ്രതയോടെ കാണണം. നമ്മളും കഷ്ടപ്പെട്ടല്ലേ സമ്പാദിക്കുന്നത്. രണ്ട് തവണ ഞാനദ്ദേഹത്തിന്റെ അഭിമുഖം എടുത്തിട്ടുണ്ട്. ഒരു ചാനലിന് വേണ്ടി അദ്ദേഹത്തിന്റെ അഭിമുഖമെടുത്തപ്പോള്‍ എനിക്ക് വല്ലാതെ ഫീലായി. ലക്ഷ്മിയക്കയെക്കുറിച്ച് ( മോഹന്റെ ആദ്യഭാര്യയായ നടി ലക്ഷ്മി) തെറ്റായി എന്തെങ്കിലും സംസാരിച്ചാല്‍ ഞാന്‍ എഴുന്നേറ്റ് പോകുമെന്ന് ആദ്യമേ വ്യക്തമായി പറഞ്ഞതാണ്. അദ്ദേഹം ഉറപ്പ് തന്നു. എന്നാല്‍ അഭിമുഖത്തില്‍ തെറ്റായി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.

ഞാന്‍ എഴുന്നേറ്റ് പോയത് ചാനല്‍ കട്ട് ചെയ്ത് മാറ്റി. ആര്‍ക്ക് വേണ്ടിയല്ലെങ്കിലും എനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നു. പോയസ് ഗാര്‍ഡനിലെ വീട് പോയി എന്ന് പറഞ്ഞ് അദ്ദേഹം കരയുന്നുണ്ടല്ലോ. ആ വീട് വാങ്ങാന്‍ അഞ്ചര ലക്ഷം രൂപ ലക്ഷ്മിയക്ക അദ്ദേഹത്തെ വിശ്വസിച്ച് ആ കയ്യില്‍ കൊടുത്തു. ഈ വീട് വിറ്റ് പോയി എന്ന് കള്ളം പറഞ്ഞ് വീട് മോഹന്‍ ശര്‍മ്മ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു. ”- കുട്ടി പത്മിനി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
”കുറേ നാളുകള്‍ക്ക് ശേഷം ലക്ഷ്മിയക്കയ്ക്ക് സത്യം മനസിലായി. അതിനുള്ളില്‍ അവര്‍ അകന്നു. ഇങ്ങനെ തട്ടിയെടുത്ത പോയസ് ഗാര്‍ഡനിലെ വീടും വിറ്റുപോയി.
പിരിഞ്ഞ ശേഷം മറ്റൊരു സ്ത്രീയെ മോഹന്‍ ശര്‍മ്മ വിവാഹം ചെയ്തു. മൂന്നാമത് ഒരു ഭരതനാട്യം ഡാന്‍സറെ വിവാഹം ചെയ്തു. ശാന്തി എന്നാണ് പേര്. വൈകി വിവാഹം ചെയ്തരാണിവര്‍. ശാന്തിയുടെ സഹോദരങ്ങള്‍ വിദേശത്താണ്. ശാന്തിയുടെ മാതാപിതാക്കള്‍ മരിച്ചതോടെ അതുവരെ പൂച്ചയെ പോലെയിരുന്ന മോഹന്‍ ശര്‍മ്മ കംസനായി മാറി. ശാന്തിയെ അടിച്ച് ബഹളം വെച്ചു. ആ വലിയ വീട് വില്‍ക്കാന്‍ നിര്‍ബന്ധിച്ചു. വേറെ വഴിയില്ലാതെ ശാന്തി സമ്മതിച്ചു. സഹോദരങ്ങളോട് സംസാരിച്ചു. അവര്‍ രണ്ട് പേരും അമേരിക്കയില്‍ നിന്ന് വന്ന് ഒപ്പിട്ട് കൊടുത്തു. സഹോദരങ്ങളുടെ വിഹിതം ശാന്തിയുടെ സുരക്ഷയ്ക്കായി നല്‍കി. എന്നാല്‍ മോഹന്‍ ശര്‍മ്മ അതും കൈക്കലാക്കി. എല്ലാം നശിപ്പിച്ചു. ശാന്തി ഇപ്പോള്‍ ഡിവോഴ്‌സിന് അപ്ലൈ ചെയ്തിട്ടുണ്ട്. കാരണം നാട് മുഴുവന്‍ ഇയാള്‍ക്ക് കടബാധ്യതയുണ്ട്. മരിച്ചാല്‍ അതെല്ലാം ശാന്തിയുടെ തലയിലാകും.”- കുട്ടി പത്മനി ചൂണ്ടിക്കാട്ടി.
സ്വയം വരുത്തിയ വിന
മോഹന്റെത് സ്വയം വരുത്തിയ വിനയാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറയുന്നു. സിനിമയില്‍ നിന്നും സമ്പാദിച്ച കോടികളും ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ പോലെയുള്ള ആഡംബര പ്രദേശത്തെ വീടും അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ കാരണം, ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മായുമാണ്. മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഗ്രാമം’ എന്ന ബഹുഭാഷാ ചിത്രം വലിയ അവാര്‍ഡുകള്‍ നേടിയെങ്കിലും തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. പോസ്റ്ററുകള്‍ക്കും പബ്ലിസിറ്റിക്കും തിയേറ്ററുകള്‍ക്കുമായി സ്വന്തം കയ്യില്‍ നിന്ന് വലിയ തുക മുടക്കേണ്ടി വന്നു. ചിത്രത്തിന്റെ ബഡ്ജറ്റ് 1.25 കോടിയില്‍ നിന്നും 2 കോടിയിലധികമായി ഉയര്‍ന്നു.ക ഈ സിനിമ വരുത്തിവെച്ച വലിയ കടങ്ങള്‍ വീട്ടാനായി, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം വാങ്ങിയിരുന്ന പോയസ് ഗാര്‍ഡനിലെ ഫ്‌ളാറ്റ് വില്‍ക്കേണ്ടി വന്നു.
അതിനുശേഷം, മോഹന് വലിയ ആരോഗ്യപ്രശ്‌നങ്ങളും വന്നു. കാലിലെ വളര്‍ച്ച മാറ്റാനുള്ള വലിയ ശസ്ത്രക്രിയ, ലിഗമെന്റ് ടിയര്‍ എന്നിവയ്ക്കായി ലക്ഷങ്ങള്‍ ചിലവായി. കൂടാതെ പ്രമേഹം, രക്തസമ്മര്‍ദ്ദം, വെര്‍ട്ടിഗോ (തുടങ്ങിയ രോഗങ്ങള്‍ അലട്ടുന്ന അദ്ദേഹത്തിന് മരുന്നിന് മാത്രം മാസം 35,000 രൂപയോളം വേണം. വരുമാനമില്ലാതായതോടെ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയിലായി. തുടര്‍ന്ന് റോട്ടറി ക്ലബ് സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം വൃദ്ധസദനത്തില്‍ അഭയം തേടിയത്. എന്നാല്‍, ഇതൊരു കണ്ണീര്‍ക്കഥയല്ലെന്നും, വിദേശ രാജ്യങ്ങളിലേതുപോലെ ഒറ്റക്കായിപ്പോയപ്പോള്‍ സ്വയം തിരഞ്ഞെടുത്ത ഒരു അസിസ്റ്റഡ് ലിവിങ് സൗകര്യമാണെന്നും അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നുണ്ട്.
മോഹന്റെ കഷ്ടപ്പാടുകള്‍ വാര്‍ത്തയായതോടെ നടന്‍ രജനികാന്ത് 1 ലക്ഷം രൂപ നല്‍കി സഹായിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് അടക്കമുള്ളവര്‍ സഹായിക്കാമെന്ന് ഏറ്റിട്ടുമുണ്ട്.

1948 നവംബര്‍ 16-ന് പാലക്കാട് ജില്ലയിലെ തത്തമംഗലത്താണ് മോഹന്‍ ജനിച്ചത്. ചിറ്റൂരിലും തത്തമംഗലത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തില്‍ ബിരുദം നേടി. ദക്ഷിണേന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ആദ്യമായി ബിരുദം നേടിയ വ്യക്തിയാണ് മോഹന്‍ ശര്‍മ്മ. 1972-ല്‍ പി. എന്‍. മേനോന്‍ സംവിധാനം ചെയ്ത ‘ചെമ്പരത്തി’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1974-ല്‍ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന ചിത്രത്തിലെ ലക്ഷ്മിയുടെ നായകനായുള്ള വേഷമാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. കൂടാതെ നെല്ല്, രാഗം, പ്രയാണം, ചുവന്ന സന്ധ്യകള്‍, സാഗര സംഗമം, ഫ്രണ്ട്‌സ്, മാമാങ്കം, ഫോറന്‍സിക് തുടങ്ങി 170-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
നടന്‍ എന്നതിന് പുറമെ 15-ലധികം സിനിമകളുടെ നിര്‍മ്മാതാവും, സംവിധായകനും, തിരക്കഥാകൃത്തും,ഗായകനുമായിരുന്നു അദ്ദേഹം. ‘ബന്ധം’, ‘ഇവിടെ തുടങ്ങുന്നു’ തുടങ്ങിയവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളാണ്. 1975-ല്‍ ‘ചട്ടക്കാരി’യിലെ സഹനടിയായിരുന്ന ലക്ഷ്മിയെ വിവാഹം കഴിച്ചെങ്കിലും 1980-ല്‍ അവര്‍ വിവാഹമോചനം നേടി. ലക്ഷ്മിയുമായുള്ള വേര്‍പിരിയലിന് ശേഷം 1982-ല്‍ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തിലാണ് ജര്‍മ്മനിയിലുള്ള മകന്‍ ജനിച്ചത്. എന്നാല്‍ ഈ ബന്ധവും വേര്‍പിരിയലില്‍ അവസാനിച്ചു. പിന്നീട് ചെന്നൈയിലെ ഭരതനാട്യം നര്‍ത്തകിയായ ശാന്തി എന്ന സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. നിലവില്‍ ഈ ബന്ധവും വേര്‍പിരിഞ്ഞ അവസ്ഥയിലാണ്. പിന്നീട് ശാന്തി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലാണ് ജര്‍മ്മനിയില്‍ താമസിക്കുന്ന മകനുള്ളത്. നിലവില്‍ അദ്ദേഹം കുടുംബവുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്കാണ് കഴിയുന്നത്.

