ഒരു കോടി രൂപ തലക്ക് വിലയിട്ട മാവോയിസ്റ്റ് പിടിയില്‍; 150-ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിസിര്‍ ബെസ്ര കുടുങ്ങിയതോടെ നക്‌സല്‍വേട്ട അവസാന ഘട്ടത്തിലേക്ക്; ഭാരതം മാവോയിസ്റ്റ് വിമുക്തമാവുമ്പോള്‍!

insight kerala

എം റിജു

മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയോ, കൂട്ടമായി കീഴടങ്ങുകയോ ചെയ്യുന്ന കാലമാണിത്. ചുവപ്പുഭീകരതക്ക് അവസാനത്തെ ആണിയിടിച്ചുകൊണ്ട്, സി.പി.ഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗവും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ മാവോയിസ്റ്റ് നേതാക്കളില്‍ ഒരാളുമായ മിസിര്‍ ബെസ്ര ജാര്‍ഖണ്ഡില്‍ വെച്ച് സുരക്ഷാസേനയുടെ അറസ്റ്റിലായിരിക്കയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കായി ഒരു കോടി രൂപയിലധികം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ജാര്‍ഖണ്ഡ് പൊലീസും, സി.ആര്‍.പി.എഫ്, കോബ്ര കമാന്‍ഡോകളും സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ ദൗര പഹാഡ്’ എന്ന മിന്നല്‍ പരിശോധനയിലൂടെയാണ് ഇയാളെ പിടികൂടിയത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് – ഗിരിധി അതിര്‍ത്തിയിലുള്ള ധന്‍ബാദ് ജില്ലയിലെ മനിയാദിഹ് ( പ്രദേശത്തുനിന്നാണ് ഇയാള്‍ വലയിലായത്.മിസിര്‍ ബെസ്രയോടൊപ്പം സുരക്ഷാസേന 15 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മൊച്ചു , ഗൗരവ് എന്നീ മറ്റ് രണ്ട് പ്രധാന മാവോയിസ്റ്റ് നേതാക്കളെയും പിടികൂടിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ആസൂത്രകനായിരുന്നു മിസിര്‍ ബെസ്ര.കൊലപാതകം, സുരക്ഷാസേനയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ഐ.ഇ.ഡി സ്ഫോടനങ്ങള്‍, ജയില്‍ ചാട്ടം തുടങ്ങി 150-ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഒരു നൂറ്റാണ്ടിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കാരണമായിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

2007-ല്‍ ഒരിക്കല്‍ ഇയാള്‍ പിടിയിലായിരുന്നുവെങ്കിലും 2009-ല്‍ ബിഹാറിലെ ലഖിസരായ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മാവോയിസ്റ്റുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇയാളെ മോചിപ്പിക്കുകയായിരുന്നു. അതിനുശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇയാള്‍ ഒളിവിലായിരുന്നു.ഇയാളുടെ അറസ്റ്റിന് തൊട്ടുമുന്‍പായി 16 ഓളം മറ്റ് മാവോയിസ്റ്റ് കേഡറുകള്‍ ജാര്‍ഖണ്ഡ് പൊലീസിന് മുന്‍പില്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. മിസിര്‍ ബെസ്ര കൂടി പിടിയിലായതോടെ ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സാന്നിധ്യം വലിയ തോതില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ജാര്‍ഖണ്ഡ് പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ നക്‌സല്‍ വിമുക്തമാവുന്നു

ദേശീയഗാനം ആലപിച്ചതിനും, ദേശീയ പതാക ഉയര്‍ത്തിയതിന്റെയും പേരില്‍ 2025-ല്‍ ഇന്ത്യയില്‍ ഒരു ഇന്ത്യാക്കാരന്‍ കൊല്ലപ്പെടുക എന്നത് കെട്ടുകഥയായിരുന്നില്ല. ചത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയിലെ ബിനാഗുണ്ട എന്ന ഗ്രാമത്തിലാണ് സംഭവം. മനീഷ് നുരേതി എന്ന 24 വയസ്സുകാരനായ ഗോത്രവര്‍ഗ്ഗ യുവാവിനെയാണ് മാവോയിസ്റ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2025 ഓഗസ്റ്റ് 15-ന് ഗ്രാമത്തിലെ മാവോയിസ്റ്റ് സ്മാരകത്തിന് മുകളില്‍ മനീഷ് ദേശീയ പതാക ഉയര്‍ത്തുകയും, വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമവാസികള്‍ക്കുമൊപ്പം ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ പ്രകോപിതരായ മാവോയിസ്റ്റുകള്‍ ഓഗസ്റ്റ് 18-ന് രാത്രി മനീഷിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കാട്ടിനുള്ളില്‍ വെച്ച് ‘ജന അദാലത്ത്’ നടത്തി വധിക്കുകയായിരുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പതിറ്റാണ്ടുകളായി മാവോയിസ്റ്റ് നിയന്ത്രണത്തിലായിരുന്ന ബിനാഗുണ്ട പോലുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് മരണം ക്ഷണിച്ചുവരുത്തുന്ന നടപടിയായിരുന്നു. പക്ഷേ ആറുമാസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറി. 2026-ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ചത്തീസ്ഗഢിലെ നക്‌സല്‍ബാധിത മേഖലയിലെല്ലാം ത്രിവര്‍ണ്ണ പതാക പാറി നടന്നു. ഇന്ത്യയില്‍നിന്ന് നക്‌സലിസം തുടച്ചുനീക്കപ്പെടുകയാണ് എന്നതിന്റെ കൃത്യമായ സൂചന കൂടിയാണിത്.

രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ദേശീയ ദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്ത ബിജാപൂര്‍, നാരായണ്‍പൂര്‍, സുക്മ ജില്ലകളിലെ 47 ഗ്രാമങ്ങളാണ് ആദ്യമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ചുവപ്പ് ഭീകരതയുടെ അടിവേരറുക്കാന്‍ ശക്തമായ ഓപ്പറേഷനുകളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിവന്നത്. ഒപ്പം വികസന പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ നടത്തി. പിന്നാലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ 59 പുതിയ സുരക്ഷാ ക്യാമ്പുകളും സ്ഥാപിച്ചു. ഇതോടെ പ്രാദേശിക സമൂഹങ്ങള്‍ സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കാന്‍ തുടങ്ങി. ഒരുകാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന സുക്മയില്‍ സിആര്‍പിഎഫിന്റെ 74-ാമത് ബറ്റാലിയന്‍ ക്യാമ്പ് സ്ഥാപിച്ചരുന്നു.

കഴിഞ്ഞ വര്‍ഷം 53 ഗ്രാമങ്ങളിലാണ് ആദ്യമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത്. ഈ വര്‍ഷം 47 ഗ്രാമങ്ങളില്‍ കൂടി ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ന്നു. ‘2026 ജനുവരി 26 ന് ഈ 47 ഗ്രാമങ്ങളില്‍ ഉയര്‍ന്നുപൊങ്ങിയ ത്രിവര്‍ണ്ണ പതാക സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ബസ്തറിന്റെ പുതിയ തുടക്കത്തിന്റെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു” എന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് കൂട്ടിച്ചേര്‍ത്തു. 2026 മാര്‍ച്ചോടെ ചത്തീസ്ഖഢിനെ നക്സല്‍ വിമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് ഒരു സംസ്ഥാനത്തെ മാത്രം കഥയല്ല. ആന്ധ്രയും കര്‍ണ്ണാടകവും മഹാരാഷ്ട്രയും ഉള്‍പ്പെടുന്ന റെഡ് കോറിഡോര്‍ തകര്‍ത്ത്, മാവോയിസത്തെ ഉന്‍മൂലനം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു. ആയിരിക്കണക്കിന് സൈനികരെ ബലികൊടുത്താണ് നാം ഈ നേട്ടം നേടിയത്. 2026 മാര്‍ച്ച് 31-ഓടെ ഇന്ത്യയെ പൂര്‍ണ്ണമായും നക്‌സല്‍ വിമുക്തമായി പ്രഖ്യാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ജല-ജംഗിള്‍-ജമീന്‍

2014-ല്‍ ഡോ മന്‍മോഹന്‍സിങ് സ്ഥാനമൊഴിയുമ്പോള്‍, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി പറഞ്ഞത് മാവോയിസ്റ്റുകളെയാണ്. അന്ന് കുഴിബോംബും മൈനും വെച്ച് നക്‌സലുകള്‍ സൈന്യത്തെയും, രാഷ്ട്രീയ നേതാക്കളെയും കൊന്ന് തള്ളുകയായിരുന്നു. 2004 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പതിനായിരത്തോളം പേര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ മുവായിരത്തോളം പേര്‍ പട്ടാളക്കാര്‍ അടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ്.

insight kerala

ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളും ഉള്‍പ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു റെഡ് കോറിഡോറിയാണ് ഇവര്‍ വിലസിയിരുന്നത്. ഒരുകാലത്ത് ഇന്ത്യയിലെ നൂറിലധികം ജില്ലകളില്‍ വ്യാപിച്ചുകിടന്നിരുന്ന റെഡ് കോറിഡോര്‍ ഇപ്പോള്‍ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. 2014-ല്‍ 126 ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നത് 2025 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം വെറും 11 ജില്ലകളിലേക്ക് മാത്രമായി ഒതുങ്ങി. മാവോയിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ‘ഏറ്റവും ബാധിക്കപ്പെട്ട’ ജില്ലകളുടെ എണ്ണം വെറും മൂന്നായി കുറഞ്ഞു. ചത്തീസ്ഗഢിലെ ബിജാപൂര്‍, സുക്മ, നാരായണ്‍പൂര്‍ എന്നിവയാണ് അവ.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ മാവോയിസ്റ്റുകളുടെ കഷ്ടകാലം തുടങ്ങിയത്. അമിത്ഷ്ായുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം മാവോയിസ്റ്റ് വേട്ട നേരിടാനായി പ്രത്യേക സംഘമുണ്ടാക്കി. തണ്ടര്‍ ബോള്‍ട്ടുകള്‍ ഇറങ്ങി. മാവോയിസ്റ്റ് വേട്ടക്ക് കോടികളുടെ ഫണ്ട് അനുവദിക്കപ്പെട്ടു. പലരെയും നിര്‍ദാക്ഷിണ്യം വെടിവെച്ച് കൊന്നു. ലക്ഷങ്ങളുടെ കീഴടങ്ങല്‍ തുകവാങ്ങി പല വിപ്ലവസിംഹങ്ങളും അടുത്തൂണ്‍ പറ്റി. പക്ഷേ യഥാര്‍ത്ഥകാരണം ഇതൊന്നുമായിരുന്നില്ല. അത് ഗ്രാമങ്ങളില്‍ വികസനം എത്തിയെന്നതാണ്. സ്ട്രീറ്റ് ലൈറ്റുകള്‍ വന്നതോടെ യക്ഷിയില്ലാതായി, എന്ന് പറയുന്നതുപോലെ വികസനം വന്നതോടെ ഇല്ലാതായതാണ് ചുവപ്പ് ഭീകരവാദവും. വൈദ്യുതിയോ, കുടിവെള്ളമോ, ആരോഗ്യ സംരക്ഷണമോ ഇല്ലാത്ത ദരിദ്ര പ്രദേശങ്ങളായിരുന്ന മാവോയിസ്റ്റുകളുടെ ടാര്‍ജറ്റ് ഏരിയകള്‍.

ദണ്ഡകാരണ്യകം പോലുള്ള ദുര്‍ഘടമായ വനമേഖലകളില്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം നക്‌സലുകള്‍ക്ക് ഗുണകരമായി. ഭരണകൂടം ഇല്ലാത്ത സ്ഥലങ്ങളില്‍ അവര്‍ സ്വന്തമായി നീതിന്യായ വ്യവസ്ഥകളും (ജനത സര്‍ക്കാര്‍) ഭരണസംവിധാനവും സ്ഥാപിച്ചു. ജല-ജംഗിള്‍-ജമീന്‍ (വെള്ളം, വനം, മണ്ണ്) എന്നായിരുന്ന നക്‌സലുകളുടെ ഒരു മുദ്രാവാക്യം. ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ വനത്തിന്മേല്‍ നഷ്ടപ്പെട്ടത് അവര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കി. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ക്കെതിരെ നക്‌സലുകള്‍ പ്രതികരിച്ചപ്പോള്‍ ഗോത്രവര്‍ഗ്ഗക്കാര്‍ അവരെ തങ്ങളുടെ രക്ഷകരായി കണ്ടു.

പുറത്തുനിന്നുള്ള ജന്മികളും പലിശക്കാരും ഗോത്രവര്‍ഗ്ഗക്കാരെ വഞ്ചിച്ചതും തുച്ഛമായ കൂലി നല്‍കിയതും നക്‌സലുകള്‍ക്ക് ആയുധമായി. ബീഡി ഇല ശേഖരിക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി ഉറപ്പാക്കാന്‍ നക്‌സലുകള്‍ നടത്തിയ പോരാട്ടങ്ങള്‍ അവര്‍ക്ക് സാധാരണക്കാരുടെ വലിയ പിന്തുണ നേടിക്കൊടുത്തു.സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിരപരാധികളായ ഗോത്രവര്‍ഗ്ഗക്കാര്‍ പീഡിപ്പിക്കപ്പെടുന്നത് അവര്‍ക്കിടയില്‍ ഭരണകൂടത്തോടുള്ള വിരോധം വര്‍ദ്ധിപ്പിച്ചു. ഇത് നക്‌സലുകളിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിച്ചു. ചുരുക്കത്തില്‍, നീതി ലഭിക്കാത്ത ഒരു ജനതയുടെ പ്രതിഷേധത്തെ തങ്ങളുടെ സായുധ വിപ്ലവത്തിന്റെ ചാലകശക്തിയായി മാറ്റാന്‍ നക്‌സലുകള്‍ക്ക് സാധിച്ചു.

വികസനം തകര്‍ത്ത ഭീകരവാദം

പക്ഷേ വികസനവും തൊഴില്‍ അവസരങ്ങളും എത്തിയോടെയാണ് ഇവിടുത്തെ സാഹചര്യങ്ങള്‍ മാറിയത്. ഉള്‍പ്രദേശങ്ങളില്‍ റോഡുകള്‍, മൊബൈല്‍ ടവറുകള്‍, സുരക്ഷാ ക്യാമ്പുകള്‍ എന്നിവ വര്‍ദ്ധിച്ചത് മാവോയിസ്റ്റുകളുടെ താവളങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായി. സര്‍ക്കാര്‍ പദ്ധതികള്‍ വനവാസി മേഖലകളില്‍ എത്തുന്നതോടെ മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്ന പ്രാദേശിക പിന്തുണയും കുറഞ്ഞു. 2014 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ 12,000 കിലോമീറ്ററിലധികം റോഡുകളാണ് നിര്‍മ്മിച്ചത്. ഇത് സുരക്ഷാ സേനയ്ക്ക് ഉള്‍ക്കാടുകളിലേക്ക് വേഗത്തില്‍ എത്താന്‍ സഹായിക്കുന്നതിനൊപ്പം ഗ്രാമീണര്‍ക്ക് വിപണികളുമായും നഗരങ്ങളുമായും ബന്ധപ്പെടാന്‍ അവസരമൊരുക്കി. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദേശം 8,500-ലധികം മൊബൈല്‍ ടവറുകള്‍ ഈ മേഖലകളില്‍ സ്ഥാപിച്ചു. ഇത് ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിനും ഗ്രാമീണര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിച്ചു.

ഗോത്രവര്‍ഗ്ഗ മേഖലകളിലെ കുട്ടികള്‍ക്കായി ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍പോലുള്ള നൂറിലധികം വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്നതിനായി 48 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും 61 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളും സ്ഥാപിച്ചു. ഇത് യുവാക്കളെ നക്‌സല്‍ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാന്‍ സഹായിച്ചു.

ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 1,800-ലധികം ബാങ്ക് ബ്രാഞ്ചുകളും 5,800-ലധികം പോസ്റ്റ് ഓഫീസുകളും ഈ മേഖലകളില്‍ പുതുതായി തുറന്നു. ഒരുപാട് പേര്‍ക്ക് ജോലി കിട്ടി. പുറംലോകവുമായി ബന്ധപ്പെടാനായി. പുറത്തുപോയി പണിയെടുക്കാനായി. ഈ ആഗോളീകരണം വലിയ മാറ്റമാണ് ജനങ്ങളില്‍ ഉണ്ടാക്കിയത്. തങ്ങളെ എന്നും ഈ ദാരിദ്ര്യത്തില്‍ കെട്ടിയിടാനാണ് മവോയിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നും, അത് മാര്‍ക്കറ്റ്‌ചെയ്താണ് അവര്‍ പിടിച്ചുനില്‍ക്കുന്നത് എന്നും ഇന്ന് ജനം തിരിച്ചറിയുന്നു.

ഗ്രാമങ്ങള്‍ നഗരങ്ങളുമായി ചേരുന്ന റോഡുകള്‍ പണിയാനോ ഗ്രാമങ്ങളില്‍ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എത്തിക്കാനൊന്നും മാവോയിസ്റ്റുകള്‍ സമ്മതിക്കാറില്ല. അവര്‍ക്ക് പണം കൊടുക്കാതെ ഒരുപരിപാടിയും ആമേഖലയില്‍ നടന്നിരുന്നില്ല. പഞ്ചായത്ത്, നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നവരുടെ വിരല്‍ മുറിച്ച് കളയുന്ന പ്രാകൃത കാട്ടാള ശിക്ഷാ രീതികളാണ് ഇവര്‍ നടപ്പിലാക്കിയിരുന്നത്! ഇപ്പോള്‍ നക്‌സലുകള്‍ ദണ്ഡകാരണ്യമേഖലകളില്‍നിന്നും ഇല്ലാതായിരിക്കയാണ്.

Share This Article