തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പൊലീസ് ഉപദേഷ്ടാവുമായി മന്ത്രി ചര്‍ച്ച നടത്തി. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. നിയമോപദേശം ലഭിച്ചാല്‍ പിന്നാലെ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ഇടപെട്ടതായി എസ്‌ഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
എഡിജിപിയുടെ ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അട്ടിമറിയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്യും. കേസ് അട്ടിമറിക്കാന്‍ എംആര്‍ അജിത് കുമാര്‍ ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ട്.

