പി എസ് സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ ജി അജിത ബീഗമായിരിക്കും എസ് ഐ ടിയെ നയിക്കുകയെന്നാണ് ഡി ജി പിയുടെ ഉത്തരവിൽ പറയുന്നത്. എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും ഡി ജി പിയുടെ ഉത്തരവിൽ നിർദ്ദേശമുണ്ട്.
പി എസ് സി പരീക്ഷ ക്രമക്കേടിൽ ഒരേ സമയം രണ്ട് അന്വേഷണമാണ് നടക്കുന്നത്. പി എസ് സി ആഭ്യന്തര വിജിലന്‍സും ക്രൈംബ്രാഞ്ചുമാണ് വ്യത്യസ്തങ്ങളായ അന്വേഷണം നടത്തുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷയിൽ ക്രമക്കേടെന്ന് പരാതിയിൽ പി എസ് സി നിയോഗിച്ചത് അനുസരിച്ച് അഭ്യന്തര വിജിലൻസ് എസ് പി അന്വേഷണം തുടങ്ങി. ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈം ബ്രാഞ്ചും അന്വേഷണ തുടങ്ങുന്നത്. ക്രൈബ്രാഞ്ചിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. പി എസ് സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
