പാര്‍ട്ടിഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം വാങ്ങി; പിന്നീട് അതേ വിമാനം വാടകക്കെടുത്ത് തട്ടിപ്പ്; 150 കോടിയുടെ ക്രമക്കേട്; മമതാ ബാനര്‍ജി ജയിലിലേക്കോ!

insight kerala

എം റിജു

പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനവും ഹെലികോപ്റ്ററും വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ എല്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മമതക്ക് കുരുക്കാവുന്നു. പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം 150 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ളത്. മമത ബാനര്‍ജി പാര്‍ട്ടിയെ നയിച്ചിരുന്ന കാലയളവില്‍, 2023 ഏപ്രില്‍ മുതല്‍ 2026 ജൂണ്‍ വരെയുള്ള സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ‘കെയര്‍വെല്‍ ഏവിയേഷന്‍’ എന്ന സ്വകാര്യ ചാര്‍ട്ടര്‍ വിമാന കമ്പനിയിലേക്ക് വന്‍തോതില്‍ പണം കൈമാറിയെന്നാണ് ഇ.ഡി കണ്ടെത്തല്‍.

പാര്‍ട്ടി ഫണ്ടില്‍ നിന്ന് മാറ്റിയ പണത്തില്‍ ഏതാണ്ട് 112 കോടി രൂപ ഉപയോഗിച്ച് ഒരു ‘എംബ്രായര്‍ ലെഗസി 600’ ബിസിനസ്സ് ജെറ്റ് വിമാനവും, ഒരു ‘അഗസ്റ്റ 109 എസ്പി’ ഹെലികോപ്റ്ററും വാങ്ങിയതായി ഇ.ഡി വ്യക്തമാക്കുന്നു. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഈ വിമാനവും ഹെലികോപ്റ്ററും പിന്നീട് ഇതേ കമ്പനിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുകയായിരുന്നു. യഥാര്‍ത്ഥ പണമിടപാടുകള്‍ മറച്ചുവെക്കാന്‍ രൂപീകരിച്ച സങ്കീര്‍ണ്ണമായ സാമ്പത്തിക ക്രമീകരണമാണിതെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഈ കേസിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കൊല്‍ക്കത്തയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഇ.ഡി വ്യാപക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി ഉപയോഗിച്ചിരുന്ന ചാര്‍ട്ടര്‍ വിമാനങ്ങളുടെ ഫണ്ടിംഗും ഇതിലൂടെ ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.പാര്‍ട്ടി നിലപാട്: തങ്ങള്‍ക്കെതിരെയുള്ള ഈ അന്വേഷണവും ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

മമത ജയിലിലേക്കോ?

അധികാരം നഷ്ടപ്പെട്ടതോടെ മമത ജയിലാവുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാര്‍ട്ടി പിളര്‍ന്നു. കൂടെയുള്ളവര്‍ എല്ലാം ഒഴിഞ്ഞുപോയി. മമത എംഎല്‍എപോലും അല്ലതായി. അതിനിടയിലാണ് ഈ കേസുകള്‍. ജയിലില്‍ കിടക്കുന്ന മമതയാണ് തന്റെ ലക്ഷ്യമെന്ന് ബംഗാളിലെ ബിജെപി മുഖ്യമന്ത്രി സുവേന്ദുഅധികാരിയും പറഞ്ഞു കഴിഞ്ഞു.

ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് ടി.എം.സിയുടെ രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക്കിന്റെ ഓഫീസിലും അതിന്റെ ഡയറക്ടര്‍ പ്രതീക ജെയിന്റെ വസതിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡ് നടക്കുമ്പോള്‍ മമത ബാനര്‍ജി നേരിട്ടെത്തി ഇ.ഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, അന്വേഷണം തടസ്സപ്പെടുത്തുകയും, അവിടെയുണ്ടായിരുന്ന ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, നിര്‍ണ്ണായക രേഖകള്‍ എന്നിവ ബലമായി പിടിച്ചെടുത്ത് കടത്തിക്കൊണ്ടുപോവുകയും ചെയ്തു എന്ന് ഇ.ഡി ആരോപിക്കുന്നു. മമത ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവ് നശിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇ.ഡി നല്‍കിയ ഹര്‍ജിയില്‍, മമതയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സുപ്രീം കോടതിയും നിരീക്ഷിക്കുകയുണ്ടായി.

കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മമത ബാനര്‍ജിക്കെതിരെ വലിയ നിയമവിരുദ്ധ ശ്രമങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു.കേസ് ഒതുക്കിത്തീര്‍ക്കാനും, ആശുപത്രി പ്രിന്‍സിപ്പലിനെ സംരക്ഷിക്കാനും, കൊല്‍ക്കത്ത പൊലീസിനെ ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും മമത നേരിട്ട് ഇടപെട്ടു എന്ന പരാതികളില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്.തങ്ങള്‍ക്കെതിരെയുള്ള ഈ കേസുകളെല്ലാം ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടികളാണെന്നാണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കോടതിയിലും പൊതുവേദികളിലും വാദിക്കുന്നത്. ഇതില്‍ ഇപ്പോള്‍ പുനര്‍അന്വേഷണം വരികയാണ്.

കല്‍ക്കരി കള്ളക്കടത്ത് കേസാണ് മമതക്കെതിരെ പ്രധാന ആരോപണവുമായുള്ളത്. ബംഗാളിലെ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ഖനികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസാണിത്.ഈ കേസില്‍ ഉയര്‍ന്നുവന്ന ഹവാല പണമിടപാടുകളിലാണ് മമത ബാനര്‍ജിയുടെ കുടുംബാംഗങ്ങളും ടി.എം.സി നേതൃത്വവും ഇ.ഡിയുടെയും സി.ബി.ഐയുടെയും നിരീക്ഷണത്തിലായത്.ബംഗാളിനെ പിടിച്ചുലച്ച ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുകേസിലും മമത ബാനര്‍ജിയുടെ പങ്കിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടുണ്ട്.ലക്ഷക്കണക്കിന് നിക്ഷേപകരെ പറ്റിച്ച ശാരദ ഗ്രൂപ്പില്‍ നിന്നും ടി.എം.സി നേതാക്കള്‍ വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും, കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജി സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഈ കേസില്‍ മമതയെ മുന്‍പ് സി.ബി.ഐ ചോദ്യം ചെയ്യുകയുമുണ്ടായി. ഈ തേഞ്ഞുമാഞ്ഞുപോയ കേസുകളെല്ലാം ബിജെപി കുത്തിപ്പൊക്കുകയാണ്.

Share This Article