PSC പരീക്ഷാ ക്രമക്കേട്; ഉന്നതലതല അന്വേഷണം നാളെ മന്ത്രിസഭായോഗം പ്രഖ്യാപിക്കും

insight kerala

PSC നടത്തിയ ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നത് സംബന്ധിച്ച് നാളത്തെ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകും. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ വസ്തുത റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറും. മന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതോടെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കും,. പരീക്ഷാ അട്ടിമറിയിൽ പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണം ഇന്ന് പുനരാരംഭിക്കും.
​ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം നാളെ ചേരുന്ന മന്ത്രിസഭായോഗത്തിലുണ്ടാകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാകും റിപ്പോർട്ട് ക്യാബിനറ്റിൽ അവതരിപ്പിക്കുക. ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച 14 പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിന് ഇതിനോടകം കത്ത് നൽകിയിട്ടുണ്ട്. എന്നാൽ നിയമനങ്ങൾക്ക് പിന്നിൽ വെറുമൊരു അഴിമതി മാത്രമല്ല, കൃത്യമായ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ചോ, എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ആവശ്യവും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. പരീക്ഷാ അട്ടിമറിയിൽ പി.എസ്.സി ആഭ്യന്തര വിജിലൻസ് സംഘം ഇന്ന് അന്വേഷണം പുനരാരംഭിക്കും. വിജിലൻസ് എസ്.പി സിനി എഫ്. ഡെന്നിസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. നേരത്തെ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു നേരിട്ടിടപെട്ട് അത് മരവിപ്പിക്കുകയായിരുന്നു. പകരം പരീക്ഷാ കൺട്രോളർക്ക് ചുമതല കൈമാറി. ചെയർമാൻ്റെ ഈ നടപടിക്കെതിരെ കഴിഞ്ഞ പി.എസ്.സി യോഗത്തിൽ അംഗങ്ങൾ രൂക്ഷവിമർശനമുയർത്തി. ഇതോടെയാണ് അന്വേഷണ ചുമതല വീണ്ടും എസ്.പിക്ക് തന്നെ തിരികെ നൽകിയത്.

Share This Article