കൊച്ചി ∙ നഗരത്തിൽ രാത്രി അനിയന്ത്രിതമായി ഏറെ വൈകി നീളുന്ന ഡിജെ പാർട്ടികൾ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്നും പൊതുസുരക്ഷയ്ക്കു ഭീഷണിയാണെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ഡിജെ പാർട്ടികൾക്കു രാത്രി 11നു ശേഷം വിലക്കേർപ്പെടുത്തിയതു ചോദ്യംചെയ്യുന്ന ഹർജിയെ എതിർത്താണു സിറ്റി പൊലീസ് കമ്മിഷണർ എതിർ സത്യവാങ്മൂലം നൽകിയത്.
നഗരത്തിൽ ഡിജെ പാർട്ടികൾ പെരുകുന്ന അവസ്ഥയുണ്ടായെന്നു സത്യവാങ്മൂലത്തിൽ അറിയിച്ചു. 1500 മുതൽ 6000 രൂപവരെയാണു പ്രവേശന ഫീസ്. മേശ മുൻകൂട്ടി ബുക്ക് ചെയ്യാൻ 20,000 രൂപവരെ ഈടാക്കുന്നുണ്ട്. മൂന്നു സ്ഥലങ്ങളിൽ മാത്രം തുടങ്ങിയത് 34 ഇടങ്ങളിലായി. അനിയന്ത്രിതമായ വർധന പൊതു സുരക്ഷയും ക്രമസമാധാനവും കാക്കുന്നതിൽ അപകടകരമായ സാഹചര്യങ്ങളുണ്ടാക്കുകയാണ്.
നിയമപരമല്ലാത്ത ഒത്തുചേരൽ, ലഹരിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെ രാത്രി വൈകി നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടു 27 ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തെന്നും പൊലീസ് അറിയിച്ചു. പൊലീസ് കമ്മിഷണറുടെ അധ്യക്ഷതയിൽ മേയ് 19 ന് ഇതുസംബന്ധിച്ചു യോഗം വിളിച്ചിരുന്നു. എക്സൈസ്, കോർപറേഷൻ, പൊലീസ് പ്രതിനിധികൾ പങ്കെടുത്തു.
ഏകീകൃതമായ നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനമെടുത്തത്. ലൈസൻസ് പ്രകാരമുള്ള മദ്യവിൽപനയ്ക്ക് എതിരല്ല, എന്നാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പൊലീസ് നിയമപരമായി ഇടപെടും. ഡിജെ പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗം, സംഘർഷം, അടിപിടി, ശബ്ദ, വെളിച്ച ശല്യം തുടങ്ങിയ പരാതിയിൽ കടവന്ത്ര പൊലീസിൽ കേസുകൾ നിലവിലുണ്ട്.

