13 കാരിയുടെ വ്യാജ പീഡന പരാതി; പോലീസ് മർദ്ദിച്ച 20കാരൻ നിയമ നടപടിക്ക്

insight kerala

പത്തനംതിട്ട കൂടലിൽ 13-കാരി നൽകിയ വ്യാജ പീഡനപരാതിയുടെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച ഇരുപതുകാരൻ നിയമ നടപടിക്ക്. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും കൂടൽ പൊലീസ് കാൽവെള്ളയിൽ ചൂരൽകൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതായി യുവാവ് വെളിപ്പെടുത്തിയിരുന്നു.
​10 പേർ ചേർന്ന് പീഡിപ്പിച്ചു എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, പിന്നീട് നടത്തിയ വൈദ്യപരിശോധനയിലും വിശദമായ ചോദ്യം ചെയ്യലിലും പെൺകുട്ടിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലായവരെ വിട്ടയക്കുകയായിരുന്നു.
അതേസമയം യുവാക്കൾക്ക് മർദ്ദനമേറ്റ വിഷയത്തിൽ പത്തനംതിട്ട എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകാൻ നിർദ്ദേശം.

പരാതിക്കാരെ തനിക്ക് അറിയില്ല എന്ന് പൊലീസിനോട് പറഞ്ഞുവെന്നും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്റെ വാക്കുകള്‍ വിലയ്‌ക്കെടുത്തില്ലെന്നും യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. എസ്‌ഐയും സംഘവും തന്നെ ക്രൂരമായി മര്‍ദിച്ചു. ലാത്തി ഉപയോഗിച്ച് തന്റെ കാല്‍വെള്ളയില്‍ ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് തന്റെ കാല്‍ ചവിട്ടി ചതച്ചു. ചെവിയില്‍ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുപൊക്കി. ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റു. ജൂലൈ നാലിന് വൈകിട്ട് ആറുമണിയോടെ നിയമവിരുദ്ധ കസ്റ്റഡിയില്‍ നിന്ന് തന്നെ വിട്ടയച്ചു. തന്നെ മര്‍ദിച്ച പൊലീസിനെതിരെയും വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം മര്‍ദിച്ചുവെന്ന യുവാവിന്റെ ആരോപണത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് കൂടല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കും.

Share This Article