തിരുവനന്തപുരം: ഗവൺമെൻ്റ് പ്ലീഡർ നിയമനം മുതൽ വിഴിഞ്ഞം ഓഹരി വില്പന വരെ പല സുപ്രധാന വിഷയങ്ങളിലും പ്രതിപക്ഷ പ്രതിഷേധത്തേക്കാൾ കൂടുതൽ മുഖ്യമന്ത്രി പ്രതിരോധത്തിൽ ആകുന്നത് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനമാണ്. നിർണ്ണായകമായ പല തീരുമാനങ്ങളും മുഖ്യമന്ത്രി ഏകപക്ഷീയമായി സ്വീകരിക്കുന്നു എന്നാണ് കോൺഗ്രസിനുള്ളിൽ വിമർശനം.
വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഘടന ബജറ്റിൽ ഉൾപ്പെടുത്തിയ ഏറ്റവും സുപ്രധാന തീരുമാനം മന്ത്രിസഭയെ പോലും മുഖ്യമന്ത്രി അറിയിച്ചിരുന്നില്ല എന്നത് കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിച്ചതിലും പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി അടിയന്തര ഭാരവാഹി യോഗം ചേരണമെന്ന ആവശ്യമുയരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷാണ് KPCC പ്രസിഡൻ്റിന് കത്ത് നൽകിയത്. നിർണ്ണായക തീരുമാനങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. കെ സി വേണുഗോപാൽ പക്ഷക്കാരനാണ് എറണാകുളത്തുകാരനായ എം ആർ അഭിലാഷ്. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് കത്ത് നൽകുന്നതിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചേരിപ്പോരാണ് വ്യക്തമാകുന്നത്. സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ കരുനീക്കം പാർട്ടിയിൽ നടക്കുന്നത്.
