‘സര്‍ക്കാരിന്റെ അനുമതി വേണം’; അദാനി മാനേജ്മെന്റിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

insight kerala

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി . സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എവിപിപിഎല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാര്‍ പ്രകാരം സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം പൂര്‍ണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബെന്ന നിലയില്‍ അതിന്റെ പൂര്‍ണ സാധ്യതകള്‍ കൈവരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ജൂണ്‍ 29ന് അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്നും സര്‍ക്കാര്‍ ഇത് അംഗീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article