കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. അപകടത്തിൽ മരിച്ച കുട്ടിയുടെ സഹോദരൻ കൗശിക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. ചികിത്സാസഹായം സർക്കാർ പൂർണ്ണമായും ഏറ്റെടുക്കും എന്ന് പറഞ്ഞെങ്കിലും ആരും തന്നെ ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കുട്ടിയുടെ പിതാവ് പരാതിപ്പെടുന്നത്.
പരിക്കേറ്റ ഉടനെ ആദ്യം കൊട്ടാരക്കരയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അവിടെ കൊടിക്കുന്നിൽ സുരേഷ് എംപി നേരിട്ടെത്തുകയും ചികിത്സാ സഹായം സർക്കാർ പൂർണമായും നൽകുമെന്ന് ഉറപ്പുനൽക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ല. ഒരുതവണ കളക്ടർ ഫോണിലൂടെ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ഉണ്ടായത്. സർക്കാർതലത്തിൽ നിന്ന് യാതൊരുവിധ അന്വേഷണവും ഉണ്ടായില്ല. ആശുപത്രി അധികൃതർ പറഞ്ഞത് തങ്ങൾക്ക് സർക്കാരിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ല എന്നാണ്. ആശുപത്രി ബില്ല് 4 ലക്ഷം രൂപ എത്തിയപ്പോൾ ഇവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു. ആ ബില്ല് അടച്ച ശേഷം ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറി. ഇവിടെയും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് തുടരുന്നത്. പക്ഷേ മരുന്നുകൾ വാങ്ങാനും മറ്റുപല പരിശോധനകൾക്കും വലിയ തുകയാണ് നൽകേണ്ടി വരുന്നത്. സർക്കാറിന്റെ സഹായം ഒന്നും ലഭിക്കുന്നില്ല എന്നാണ് കുടുംബം പരാതിപ്പെടുന്നത്.

