തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് അഴിച്ചുപണിയിൽ മേൽതട്ടിൽ കൈയടി ലഭിച്ചപ്പോൾ താഴേതട്ടിൽ പരാതി ഉയരുകയാണ്. ഐജിമാരും എസ്പിമാരും അഴിച്ചുപണിയിൽ അതൃപ്‌തരാണ്. വടക്കൻ മേഖലയിൽ ഐജിയെ നിയമിച്ചില്ല, തെക്കൻ മേഖലയിൽ വർഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികൾ. കോഴിക്കോട് കമ്മീഷണറുടെ നിയമനത്തിലും വിമർശനം ഉയർന്നു.
സീനിയറായ ഡിസിപിക്ക് മുകളിലായി ജൂനിയറായ ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി എന്നാണ് പരാതി. കോഴിക്കോട് റൂറൽ, വയനാട് ഉൾപ്പെടെ ജൂനിയർ ഐപിഎസുകാർക്ക് നിയമനം നൽകി മൂന്നു മാസം കൊണ്ട് മാറ്റി, നല്ല സർവ്വീസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥരും ജില്ലാ എസ്പിമാരായി എന്നെല്ലാം പരാതികൾ ഉയർന്നു.
ഇടതു സർക്കാരിന്‍റെ കാലത്ത് മാറ്റിനിർത്തപ്പെട്ട പി വിജയൻ ക്രമസമാധാന ചുമതലയിലേക്ക് നിയമിക്കപ്പെട്ടു. ടിപി കേസിലെ പ്രതികളെ സാഹസികമായി പിടികൂടിയ ഷൌക്കത്തലിയെ കോഴിക്കോട് കമ്മീഷണർ സ്ഥാനത്തേക്ക് നിയമിച്ചു. ഇവിടെ സീനിയർ ഉദ്യോഗസ്ഥനാണ് ഡിസിപി.

