സന്ദേശം സിനിമയും ജീവിതംമാറ്റി; ദ മെനോപോസ് ബ്രെയിന്‍’ വായിച്ചശേഷം സ്ത്രീകളോടുള്ള സമീപനം മാറിയെന്ന് തുറന്ന് പറഞ്ഞ നേതാവ്; യാത്രകളും ട്രെക്കിംഗും ഇഷ്ടം; വി ഡി എഴുത്തും വായനയുമുള്ള നേതാവ്

insight kerala

എം മാധവദാസ്

തിരുവനന്തപുരം: രാഷ്ട്രീയം മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ഒരു മുരുടന്‍ നേതാവല്ല, നിയുക്ത കേരളാ മുഖ്യമന്ത്രി, വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന വി ഡി സതീശന്‍. നല്ല വായനയും എഴുത്തില്‍ താല്‍പ്പര്യവും, യാത്രകളും ട്രക്കിങ്ങും ഹോബിയായ ഒരു ഹരിതരാഷ്ട്രീയക്കാരനാണ് അദ്ദേഹം.
രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും വായനയ്ക്കായി വി ഡി സതീശന്‍ ഏറെ സമയം കണ്ടെത്താറുണ്ട്. മലയാളം നോവലുകളും കഥകളും വളരെ വേഗത്തില്‍ വായിച്ചുതീര്‍ക്കുന്ന അദ്ദേഹം, ചരിത്രഗ്രന്ഥങ്ങള്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തി സൂക്ഷ്മമായി വായിക്കുന്ന ശീലമുള്ളയാളാണ്.: ഓരോ മാസവും താന്‍ വായിക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങള്‍ അദ്ദേഹം കുറിച്ചുവെക്കാറുണ്ട്. വര്‍ഷാവസാനം ഈ പുസ്തകങ്ങളുടെ പട്ടിക തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വായനാക്കൂട്ടങ്ങളുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. പുസ്തകങ്ങള്‍ വായിച്ച് താന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ടെന്നും വായന സത്യത്തിലേക്കും സ്വയം പുതുക്കലിലേക്കുമുള്ള വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജീവിതം മാറ്റിയ സിനിമകളും പുസ്തകങ്ങളും

ഫൂള്‍ ടൈം രാഷ്ട്രീയവുമായി നടന്ന വി ഡി സതീശന്‍ എന്ന ചെറുപ്പക്കാരന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയത് ഒരു സിനിമയാണ്. മലയാളത്തില്‍ ഇന്നും ക്ലാസിക്ക് കള്‍ട്ടായി കണക്കാക്കുന്ന, ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ സിനിമയായിരുന്നു അത്. 1991-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കണ്ടതിനുശേഷമാണ്, രാഷ്ട്രീയത്തിനൊപ്പം പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് വി ഡി സതീശന്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

വക്കീല്‍ പരീക്ഷ മികച്ച മാര്‍ക്കോടെ പാസായി എന്റോള്‍ ചെയ്തിരുന്നെങ്കിലും, കെ.എസ്.യുവിലൂടെയുള്ള സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ തിരക്ക് കാരണം അദ്ദേഹം പ്രാക്ടീസ് ചെയ്യാന്‍ പോയിരുന്നില്ല. എന്നാല്‍ ‘സന്ദേശം’ സിനിമ കണ്ടതോടെ ആ ചിന്ത മാറി. സിനിമയുടെ അവസാനം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ശ്രീനിവാസന്റെ കഥാപാത്രം വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ തീരുമാനിക്കുന്നത് അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. അതിനുശേഷം എംഎല്‍എ ആയതിനുശേഷവും വായനയും സിനിമയും സതീശന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു.

്2025-ല്‍ മാത്രം 60 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തുവെന്ന് വി ഡി സതീശന്‍ പറയുന്നു. ഇതില്‍ 22 എണ്ണം ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. 2024-ല്‍ 43 പുസ്തകങ്ങളും 2022-ല്‍ 21 പുസ്തകങ്ങളും അദ്ദേഹം വായിച്ചിരുന്നു.സല്‍മാന്‍ റുഷ്ദിയുടെ ‘നൈഫ്’, അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’, അമിതാവ് ഘോഷിന്റെ ‘ദ നട്ട്‌മെഗ്‌സ് കേഴ്‌സ്’ തുടങ്ങിയവ അദ്ദേഹത്തിന്റെ വായനാപട്ടികയിലെ പ്രധാന പുസ്തകങ്ങളാണ്.

ഡോ. ലിസ മോസ്‌കോണിയുടെ ‘ദ മെനോപോസ് ബ്രെയിന്‍’ എന്ന പുസ്തകം വായിച്ചതിനുശേഷം സ്ത്രീകളോടും സ്വന്തം ഭാര്യയോടുമുള്ള തന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ‘ലോകത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ളവരാണ് ഏറ്റവും കൂടുതല്‍ വായിക്കുന്നത്’ എന്നാണ് വായനയെക്കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണം. വായന തനിക്ക് വലിയ ഊര്‍ജ്ജവും സന്തോഷവും നല്‍കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ജീവിതാനുഭവങ്ങളെയും രാഷ്ട്രീയ യാത്രയെയും കുറിച്ച് വി.ഡി. സതീശന്‍ എഴുതിയ പുസ്തകമാണ് ‘നേരനുഭവങ്ങള്‍’. അതും ബെസ്റ്റ് സെല്ലറാണ്. അടുത്തിടെ വായിച്ച് ഏറെ ഹൃദയസ്പര്‍ശിയായി തോന്നിയ ബാബു എബ്രഹാമിന്റെ ‘കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍’ എന്ന പുസ്തകത്തെക്കുറിച്ച് സതീശന്‍ ഏറെ വാചാലനാവാറുണ്ട്. ആ പുസ്തകത്തിന്റെ ചൂടപ്പംപോലുള്ള വിറ്റുപോകലിന് സതീശന്റെ പ്രചാരണവും ഗുണം ചെയ്തിട്ടുണ്ട്.

വായനയ്ക്ക് പുറമേ യാത്രകളും ട്രെക്കിംഗുമാണ് വി.ഡി. സതീശന്റെ പ്രധാന ഹോബികള്‍. സജീവമായ ഒരു ട്രെക്കറാണ് അദ്ദേഹം. പ്രകൃതിയുമായുള്ള ബന്ധം നിലനിര്‍ത്താനും മാനസികോല്ലാസത്തിനുമായി അദ്ദേഹം വനയാത്രകളും ട്രെക്കിംഗും തിരഞ്ഞെടുക്കാറുണ്ട്.
പ്രകൃതിസ്‌നേഹിയായ അദ്ദേഹം തന്റെ തിരക്കുകള്‍ക്കിടയിലും ഇത്തരം വിനോദങ്ങള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഈയിടെ ‘വനവാസം’ എന്ന ഗസ്റ്റ്ഹൗസില്‍ താമസിച്ചതും ട്രോളായി മാറി.

Share This Article