ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ വിശ്വാസവോട്ട് നേടി. നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ 144 വോട്ടുകൾ നേടി വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. കോൺഗ്രസ്, സി.പി.ഐ (എം), വി.സി.കെ, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ അധികാരം നിലനിർത്തിയത്. സർക്കാർ രൂപീകരണത്തിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
കോൺഗ്രസിന്റെ 5 എംഎൽഎമാരും സിപിഐ (എം), വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളിലെ രണ്ട് വീതം എംഎൽഎമാരും വിജയ്‌ക്ക് അനുകൂലമായി വോട്ട് ചെയ്തു. കൂടാതെ, എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എസ്.കാമരാജ് എംഎൽഎയും സർക്കാരിനെ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിജയ് സർക്കാരിന് ജനവിധിയില്ലെന്നും സഖ്യകക്ഷികളെ കൂട്ടുപിടിച്ചാണ് ഭരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.
