ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നുമാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്.
മിക്ക സർവേകളും യുഡിഎഫിന് 70-ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്.
ന്യൂസ് 18ന്റെ എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫ് 70-80 വരെ സീറ്റ് നേടും. എൽഡിഎഫ് 58-68 സീറ്റ് നേടുമെന്നും എൻഡിഎ 0-4 സീറ്റ് നേടുമെന്നും ഫലങ്ങൾ പറയുന്നു. കേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കമെന്ന് റിപ്പബ്ലികിന്റെ എക്‌സിറ്റ് പോൾ പറയുന്നു.
ടൈംസ് നൗ പ്രകാരം യുഡിഎഫ് 72-84 വരെയും എൽഡിഎഫ് 52-61 സീറ്റുകളും എൻഡിഎ 3-7 സീറ്റുകളും നേടും. ആക്സിസ് മൈ ഇന്ത്യ പ്രകാരം യുഡിഎഫ്- 78- 90, എൽഡിഎഫ് 49- 62, ബിജെപി- 0-03 സീറ്റുകള്‍ നേടും.
പീപ്പിള്‍സ് പള്‍സ് എക്സിറ്റ് പോള്‍ പ്രകാരം കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. യുഡിഎഫ്- 70-75,എൽഡിഎഫ് 60-65, ബിജെപി- 3-5, സീറ്റുകളും നേടും. മാട്രിക് എക്‌സിറ്റ്‌പോൾ പ്രകാരം യുഡിഎഫ് 70-75 സീറ്റുകളും എൽഡിഎഫ് 60-65 സീറ്റുകളും എൻഡിഎ 3-5 സീറ്റുകളും നേടും.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടെങ്കിലും, പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെയാണ് കേരളത്തിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നത്. ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ സജീവമായിക്കഴിഞ്ഞിരുന്നു.

