മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്; 24 മണിക്കൂറിനകം മറുപടി നൽകണം

AnilKumar BalaKrishnan

ഡൽഹി : ബിജെപി നൽകിയ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് പരാമർശിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരടങ്ങിയ ഉന്നതതല ബിജെപി പ്രതിനിധി സംഘം ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഖാർഗെയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

“ഒരു ഉന്നതതല ബിജെപി പ്രതിനിധി സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വലിയ ദുഖത്തോടും രോഷത്തോടും കൂടിയാണ് ഞങ്ങൾ കമ്മീഷനെ സമീപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിയെ അപമാനിച്ച രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രിയെ ഭീകരവാദി എന്ന് വിളിക്കുന്നത് രാജ്യത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണ്,” കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

‌‍”രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് അധ്യക്ഷൻ ഇത്രയും നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ചത് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയ ജനവിധിയെയും നമ്മുടെ തിരഞ്ഞെടുപ്പ് വ്യവസ്ഥയെയും അവഹേളിക്കുന്നതാണ് ഈ പരാമർശം. തമിഴ്‌നാട്ടിലും ബംഗാളിലും തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, മോദിയോടുള്ള തീവ്രമായ വിദ്വേഷം കാരണമാണ് നിരാശരായ കോൺഗ്രസ് നേതാക്കൾ ഇങ്ങനെ സംസാരിക്കുന്നത്.” – നിർമല സീതാരാമൻ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article