കൊച്ചി: ഐഎസ്എല്ലിൽ തോൽവി തുടർക്കഥയാക്കി കേരള ബ്ലാസ്റ്റേഴ്സ്. ശനിയാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് തോറ്റത്. സീസണിൽ ആറു മത്സരങ്ങൾ കളിച്ച ടീമിന്റെ അഞ്ചാം തോൽവിയാണിത്. ഈസ്റ്റ് ബംഗാളിനെതിരേ നേടിയ സമനിലയോടെ ലഭിച്ച ഒരു പോയന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. പോയന്റ് പട്ടികയിൽ നിലവിൽ 13-ാം സ്ഥാനത്താണ് ടീം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പഞ്ചാബ് എഫ്സി മൂന്നു ഗോളുകളും നേടിയിരുന്നു. ആറാം മിനിറ്റിൽ സമീർ സെൽകോവിച്ച്, 17-ാം മിനിറ്റിൽ ഒസുജി, 37-ാം മിനിറ്റിൽ ഡാനി റാമിറസ് എന്നിവരാണ് പഞ്ചാബിനായി സ്കോർ ചെയ്തത്.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ് ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലമായി 64-ാം മിനിറ്റിൽ ഫാലോ എൻഡിയായെ ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കി. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്സ് കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പഞ്ചാബിന്റെ സംഘടിതമായ പ്രതിരോധം മറികടക്കാനായില്ല.
ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മർലോൺ പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി

