ശമ്പളം 40,000 ആക്കുന്നത് വരെ നഴ്സുമാരു‌ടെ സമരം തു‌ടരുമെന്ന് യുഎൻഎ; സമരം മാനേജ്മെന്റുകൾക്ക് എതിരെയാക്കും

AnilKumar BalaKrishnan

തിരുവനന്തപുരം: നഴ്സുമാരുടെ സമരം തുടരുമെന്ന് യുഎൻഎ. ശമ്പളം 40000 ആക്കുന്നത് വരെ സമരം തുടരുമെന്ന് യുഎൻഎ പ്രസിഡന്റ്‌ ജാസ്മിൻ ഷാ അറിയിച്ചു. 28000രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനം ഇറക്കിയാലും പരാതികൾ നൽകാനുള്ള സമയമുണ്ട്. കരട് വിജ്ഞാപനം ഇറക്കി കഴിഞ്ഞാൽ സമരം ആശുപത്രി മാനേജ്‌മെന്റുകൾക്ക് എതിരെ ആക്കുമെന്നും യുഎൻഎ വ്യക്തമാക്കി. 40000 രൂപ നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ സമരത്തിൽ നിന്നും ഒഴിവാക്കും. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന തൊഴിൽമന്ത്രിയുടെ പ്രസ്താവന വിവരക്കേട്. യുഡിഎഫ് ഭരണ കാലത്ത് യുഎൻഎയുടെ സമരപന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നല്ലോ എന്നും ജാസ്മിൻ ഷാ ചൂണ്ടിക്കാട്ടി. തൊഴിൽ മന്ത്രി മാനേജ്മെന്റുകൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു.

Share This Article