എം മാധവദാസ്
പുതിയ അംഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ശത്രുക്കളുടെ ഹൃദയം കൊടുക്കുന്ന ക്രൂരനായ അധോലോക നായകനായിരുന്നു അയാള്‍. എതിരാളികളെ ജീവനോടെ ആസിഡ് ടാങ്കുകളില്‍ മുക്കിക്കൊല്ലുന്നതും പതിവാണ്. സൈനിക ഹെലികോപ്റ്ററുകള്‍ വെടിവെച്ചിടാനും ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബാക്രമണം നടത്താനുമൊക്കെ ഈ സമാന്തര ഭരണകൂടത്തിലെ നായകന് കഴിഞ്ഞിരുന്നു. ഒന്നും രണ്ടും കോടിയുടെ ആസ്തിയല്ല, 100 ബില്യന്‍ ഡോളറിന്റെ സാമ്രാജ്യമാണ് അയാളുടേത്. ആഡംബരത്തിനുവേണ്ടി സിംഹങ്ങളെയും പുലികളുമുമൊക്കെ സ്വന്തം വീട്ടില്‍ വളര്‍ത്തിയിരുന്നു, ഈ ഡോണ്‍. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഡ്രഗ് കാര്‍ട്ടല്‍ തലവനായിരുന്ന, നെമെസീയോ ഒസെഗ്വേര എന്ന ഏല്‍ മെന്‍ചോ. കഴിഞ്ഞാഴ്ച മെക്‌സിക്കന്‍ സൈന്യം ഇയാളെ പിടികൂടി വധിച്ചതിനെ തുടര്‍ന്ന്, ആ രാജ്യം നിന്ന് കത്തുകയാണ്. ഡ്രഗ് കാര്‍ട്ടലുകളും പൊലീസും തമ്മിലുള്ള ഏറ്റമുട്ടല്‍മൂലം വിമാന സര്‍വീസുകള്‍പോലും നിലച്ചിരിക്കയാണ്.
പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത, എല്‍ മെന്‍ചോയെ, മെക്‌സിക്കന്‍ പോലീസ് പിടികൂടിയത് പ്രണയക്കെണിയിലൂടെയാണെന്നാണ്. പ്രിയപ്പെട്ട കാമുകി അയാളെ ഒറ്റുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
പ്രണയ ചതിയില്‍ വീണു
ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇയാള്‍ ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്. അമേരിക്കന്‍ ഏജന്‍സിയായ ഡ്രഗ് എന്‍ഫോസ്‌മെന്റ് അഡ്മിസ്‌ട്രേഷന്‍ (ഡിഇഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏല്‍ മെന്‍ചോയുടെയും കാര്‍ട്ടലായ സിജിഎന്‍ജിയുടെയും ആസ്തി 100 ബില്യണ്‍ ഡോളറിന് (ഏകദേശം 8.3 ലക്ഷം കോടി രൂപ) മുകളിലാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിമിനല്‍ സംഘടനയായാണ് ഇതിനെ കണക്കാക്കുന്നത്.
മെക്‌സിക്കോയിലുടനീളം നൂറുകണക്കിന് സുരക്ഷിത താവളങ്ങളും കൊട്ടാരസമാനമായ ബംഗ്ലാവുകളും ഇയാള്‍ക്കുണ്ടായിരുന്നു. ഇതില്‍ അതിമനോഹരമായ പൂന്തോട്ടങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മയക്കുമരുന്ന് രാജാക്കന്മാരുടെ പൊതുവായ ശൈലി പിന്തുടര്‍ന്ന്, തന്റെ ബംഗ്ലാവുകളില്‍ പുലികള്‍, സിംഹങ്ങള്‍ തുടങ്ങിയ വന്യമൃഗങ്ങളെ വളര്‍ത്തുന്ന സ്വകാര്യ മൃഗശാലകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. റെയ്ഡുകളില്‍ സ്വര്‍ണ്ണം പൂശിയ തോക്കുകളും വജ്രം പതിപ്പിച്ച വാച്ചുകളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ഇയാളുടെ കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് ഡ്രഗ് കടത്തുവഴി കിട്ടിയ കോടികളുടെ പണം ഇയാള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു. അതുവഴി റോബിന്‍ഹുഡ് പ്രതിഛായ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു.
വെടിയുണ്ടകളെ പ്രതിരോധിക്കുന്ന നൂറുകണക്കിന് അത്യാധുനിക കാറുകളും പ്രൈവറ്റ് ജെറ്റുകളും ഇയാള്‍ക്കുണ്ടായിരുന്നു. റെസ്റ്റോറന്റുകള്‍, റിയല്‍ എസ്റ്റേറ്റ്, അഗ്രിക്കള്‍ച്ചറല്‍ ബിസിനസ്സുകള്‍ എന്നിവയിലൂടെയാണ് ഇയാള്‍ ഈ പണം വെളുപ്പിച്ചിരുന്നത്. ഭാര്യയുടെ കുടുംബമായ ‘ലോസ് കുയിനിസ്’ ആണ് ഈ സാമ്പത്തിക സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്.ഇത്രയധികം സമ്പത്തുണ്ടായിരുന്നിട്ടും, സുരക്ഷാ ഏജന്‍സികളെ ഭയന്ന് ജീവിതത്തിന്റെ അവസാന കാലം മെന്‍ചോ മെക്‌സിക്കോയിലെ വനമേഖലകളിലും മലനിരകളിലുമാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഗുഹകളില്‍ വലിയ തുരങ്കങ്ങളുണ്ടാക്കിയാണ് അവസാനകാലത്ത് ഇയാളും സംഘവും അതിജീവിച്ചിരുന്നത്.
ഭാര്യ നിലവിരിക്കെ തന്നെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഏല്‍ മെല്‍ചോ ഒരു പ്രണയത്തില്‍ പെട്ടത്. ഈ കാമുകിക്ക് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും ഇയാള്‍ നല്‍കിയിരുന്നു. പൊലീസ് നടപടി ഭയന്ന് കാട്ടില്‍ ഗുഹകളില്‍ ഒളിച്ചതോടെ അധോലോക നായകന് കാമുകിയെ കാണാന്‍ കഴിയാതായി. ഈ തക്കം പൊലീസ് മുതലെടുത്ത് അവളെ പാട്ടിലാക്കി. കാമുകിയുടെ വിശ്വസ്തനായ ഒരു കൂട്ടാളിയെ അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സ് വൃത്തങ്ങളും നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ നീക്കങ്ങളെല്ലാം അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നു. കഴിഞ്ഞ ദിവസം ഏല്‍ മെന്‍ചോയെ കാണാനായി കാമുകിയും കൂട്ടാളിയും ഒരുമിച്ചാണ് തപല്‍പയിലെ ഗ്രാമപ്രദേശത്തെ രഹസ്യകേന്ദ്രത്തിലേക്ക് പോയത്. കാമുകി ഗ്രാമത്തിലേക്ക് പോകുന്നതും അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നിരുന്നു. ഒരു രാത്രി മുഴുവന്‍ കാമുകി എല്‍ മെന്‍ചോ ഇവിടെ ചിലവഴിച്ചു. തുടര്‍ന്ന് കാമുകി പുറത്തുപോയി. ഇവര്‍ സ്ഥലം കൃത്യമായി പൊലീസിന് ഒറ്റിക്കൊടുത്തു.
്തലക്ക് വില 125 കോടി രൂപ!
ഇതോടെ അധോലോകനായകനെ പിടികൂടാനുള്ള അന്തിമപദ്ധതികള്‍ക്ക് സൈന്യം രൂപം നല്‍കി. മെക്സിക്കന്‍ സൈന്യത്തിന്റെയും നാഷണല്‍ ഗാര്‍ഡിന്റെയും യൂണിറ്റുകള്‍ പ്രദേശം വളഞ്ഞു. ഇതേസമയം, ഹലിസ്‌കോയിലെ അതിര്‍ത്തികളില്‍ ആറ് സൈനിക ഹെലികോപ്റ്ററുകളും വട്ടമിട്ട് പറന്നു. പിന്നാലെ സൈന്യം ഏല്‍മെന്‍ചോയെ ലക്ഷ്യമിട്ടുനീങ്ങി. ഇതോടെ എല്‍ മെന്‍ചോയും കൂട്ടാളികളും ശക്തമായി തിരിച്ചടിച്ചു.
ഏറ്റുമുട്ടല്‍ ശക്തമായതോടെ മെന്‍ചോയും രണ്ട് അംഗരക്ഷകരും വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കനത്ത ഏറ്റുമുട്ടലില്‍ ഇവര്‍ വെടിയേറ്റ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും മെക്സിക്കന്‍ പ്രതിരോധ സെക്രട്ടറി ജനറല്‍ റിക്കാര്‍ഡോ ട്രെവില്ല മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് വടക്കന്‍ മെക്സിക്കോയിലായിരുന്ന പ്രസിഡന്റിനെ തത്സമയം ദൗത്യത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രതിരോധന സെക്രട്ടറി വ്യക്തമാക്കി. ഏല്‍ മെന്‍ചോക്കെതിരെ സൈനികനീക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും സുരക്ഷാ സേനാംഗങ്ങളും കാര്‍ട്ടല്‍ അംഗങ്ങളും ഉള്‍പ്പെടെ 70-ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഹലിസ്‌കോയില്‍ മാത്രം 25 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സെക്യൂരിറ്റി സെക്രട്ടറി ഒമര്‍ ഗാര്‍സിയ ഹര്‍ഫുച്ച് അറിയിച്ചു.
ഏല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ കാര്‍ട്ടല്‍ അംഗങ്ങള്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. എല്‍ മെഞ്ചോയുടെ കൂട്ടാളിയായ ഏല്‍ തുലി കൊല്ലപ്പെടുന്ന ഓരോ സൈനികനും 20,000 പെസോ വീതം വാഗ്ദാനം ചെയ്തിരുന്നു. സൈന്യത്തിനോടുള്ള പ്രതികാര ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ എല്‍ തുലിയെയും സൈന്യം വധിച്ചു. ഇയാളില്‍ നിന്ന് 1.4 മില്യണ്‍ യുഎസ് ഡോളറും ആയുധങ്ങളും പിടിച്ചെടുത്തു. ഏല്‍ മെന്‍ചോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ 1.5 കോടി ഡോളറും (ഏകദേശം 125 കോടി രൂപ), മെക്‌സിക്കന്‍ സര്‍ക്കാര്‍ 3 കോടി പെസോയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ പൈസ ചതിച്ച കാമുകിക്ക് കിട്ടുമെന്നാണ് അറിയുന്നത്.
ഓപ്പറേഷനില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡി ഷെയ്ന്‍ബോം പ്രതികരിച്ചത്. ഒളിവാത്തവളം സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന രഹസ്യാന്വേഷണവിവരങ്ങളാണ് അമേരിക്ക കൈമാറിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി. മെക്സിക്കോയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും ഇന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ ശാന്തമാണെന്നും പ്രസിഡന്റ് പറഞ്ഞു..

