തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിക്കെതിരേ അത്യന്തം അപലപനീയമായ ആക്രമണമാണ് നടന്നതെന്നും വീണാ ജോർജ് ഒരു സ്ത്രീയായിട്ടും അവരെ പരിക്കേൽപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചുണ്ടായ കെ.എസ്.യു പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേൽക്കുന്നത്. കഴുത്തിനും കൈയ്ക്കും പരിക്കേറ്റുവെന്നാണ് വിവരം. വന്ദേഭാരത് ട്രെയിനിൽ പോകാൻ വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രി പെട്ടുപോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മന്ത്രി വീണ ജോർജിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി.
വീണാ ജോർജ് ഒരു സ്ത്രീയായിട്ടും അവരെ ആക്രമിക്കാനും പരിക്കേൽപ്പിക്കാനും ശ്രമിക്കുകയാണ്. പരിക്കേൽപ്പിച്ചിരിക്കുകയാണ്. ഇത് അത്യന്തം അപലപനീയമായ ആക്രമണമാണ്. ഇതിന് നേതൃത്വം കൊടുക്കുന്നവർ ഇത്തരം പ്രവൃത്തികളിൽ നിന്ന് മാറിനിൽക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം തുടർച്ചയായി ഇതുപോലുള്ള കാര്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ നാട് സമാധാനത്തിൽ കഴിയണമെന്നും അവരാഗ്രഹിക്കുന്നത് സംഭവിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാട് സംഘർഷത്തിന്റെ നാടായി മാറിക്കൂടാ. ആ നിർബന്ധം പൊതുവേ എൽഡിഎഫ് പ്രവർത്തകർക്കാകെ ഉണ്ടാകണം. അതിനാൽ ഈ ഗുണ്ടകളുടെ കെണിയിൽപ്പെട്ട് അതേരീതിയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാതിരിക്കണം. എന്നാൽ ജനങ്ങളാണ് ഇത്തരം കാര്യങ്ങളിൽ ശരിയായി വിധിയെഴുതേണ്ടവർ. ജനങ്ങളുടെ അടുത്തേക്ക് ഈ കാര്യങ്ങൾ എത്തിക്കാൻ ജനാധിപത്യരീതിയിലുള്ള കടുത്ത പ്രതിഷേധം ഉയർന്നുവരികയും വേണം. എല്ലാവരും ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങളിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ വ്യാപകമായി വീണാ ജോർജിനെതിരെ പ്രതിഷേധമുയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിഷേധവുമായെത്തിയത്. വാഹനത്തിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകരെത്തിയത്.

